ന്യൂഡൽഹി: മുന്‍ മന്ത്രി കെ.ടി ജലീലിന്‍റെ ആസാദ് കശ്മീർ പരാമർശത്തില്‍ കേസെടുക്കണമെന്ന ഹര്‍ജിയില്‍ സെപ്റ്റംബർ 12 ന് വാദം തുടരും. കോടതി ഉത്തരവുണ്ടെങ്കിൽ മാത്രമേ കേസെടുക്കുകയുള്ളൂ എന്ന് ഡൽഹി പോലീസ് അറിയിച്ചു. കേരളത്തിൽ ഒരു എഫ് ഐ ആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡൽഹി പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കെ.ടി ജലീലിനെതിരെ ഡൽഹി റോസ് അവന്യു കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും ഹര്‍ജിക്കാരന്‍ വിശദീകരിച്ചു. ഇന്ത്യ അധീന കാശ്മീർ, ആസാദ് കാശ്മീർ തുടങ്ങിയ പരാമർശങ്ങളോട് കൂടിയ ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അഭിഭാഷകന്‍ ജി എസ് മണിയാണ് ഹര്‍ജി നല്‍കിയത്.
എന്നാല്‍, വിവാദ പോസ്റ്റില്‍ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസ് കേസെടുത്തിരുന്നു. കലാപ ആഹ്വാന ഉദ്ദേശത്തോടെയാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയത്. 53 ബി പ്രകാരമാണ് വകുപ്പുകള്‍ ചുമത്തിയത്. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർധ വളർത്താൻ ശ്രമിച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെടി ജലീൽ ഇന്ത്യന്‍ ഭരണഘടനയെ അപമാനിക്കാൻ ശ്രമിച്ചെന്നും എഫ് ഐ ആറിൽ പറയുന്നു. ആർ എസ് എസ് ജില്ലാ പ്രചാരക് പ്രമുഖ് അരുൺ മോഹനാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ജുഡീഷ്യൽ മഡജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
Post Your Comments