ഇരിട്ടി: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. അങ്ങാടിക്കടവിലെ ചിറ്റൂര്‍ വീട്ടില്‍ തോമസ് -ഷൈനി ദമ്പതികളുടെ മകന് ജസ്റ്റിന് (15) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ കുണ്ടൂർ പുഴയിലെ കഞ്ഞിപ്പാറ കടവിൽ കോൺക്രീറ്റ് നടപ്പാലത്തിനു താഴെയായിരുന്നു അപകടം. രണ്ട് കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയതായിരുന്നു ജസ്റ്റിൻ. പാറക്കെട്ടുകൾ നിറഞ്ഞ ഭാഗത്ത് പാറയിൽ പായൽ നിറഞ്ഞുണ്ടായ വഴുക്കലിൽ കാൽ തെന്നി ചുഴിയിൽ അകപ്പെട്ടതാകാം അപകടകാരണമെന്നാണ് നിഗമനം.
Read Also : മാനസികാരോഗ്യം നിലനിർത്താൻ നിങ്ങളിൽ ഒരാളായി ‘Innerhour’
ജസ്റ്റിനും മറ്റൊരു വിദ്യാർത്ഥിയുമാണ് പുഴയിൽ ഇറങ്ങിയത്. വെള്ളത്തിൽ മുങ്ങിയശേഷം ജസ്റ്റിനെ കാണാതായതോടെ ഒപ്പമുള്ളവർ ഇതിന് സമീപത്തുള്ള ഡോൺബോസ്കോ കോളജ് കെട്ടിട നിർമാണ സൈറ്റിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന എൻജിനിയർ ഒറ്റപ്പാലം സ്വദേശി വി. മനോജും മറ്റു തൊഴിലാളികളും ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. മനോജ് ജസ്റ്റിനെ കരയ്ക്കെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ജസ്റ്റിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ദേവാലയത്തിൽ നടന്നു. ജെസിലിൻ, ആൽഫിൻ, അബിൻ, എഡ്വിൻ എന്നിവർ സഹോദരങ്ങളാണ്.
Post Your Comments