തിരുവനന്തപുരം: സംസ്ഥാനത്തെ പേവിഷബാധ സംബന്ധിച്ച പഠനം നടത്തുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് സമിതി രൂപീകരിച്ചതെന്ന് വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് സമിതിയുടെ ചെയർമാൻ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ ഡോ. ഇ ശ്രീകുമാർ, ഡബ്ല്യുഎച്ച്ഒ കോളാബെറേറ്റ് സെന്റർ ഫോർ റഫറൻസ് ആന്റ് റിസർച്ച് ഫോർ റാബീസ് നിംഹാൻസ് ബാംഗളൂരു, അഡീഷണൽ പ്രൊഫസർ ഡോ. റീത്ത എസ് മണി, ഡ്രഗ് കൺട്രോളർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സ്വപ്ന സൂസൻ എബ്രഹാം, ആരോഗ്യ വകുപ്പ്, പൊതുജനാരോഗ്യ വിഭാഗം അസി. ഡയറക്ടർ തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങൾ.
അതേസമയം, സംസ്ഥാനത്ത് പേവിഷബാധ വൈറസിന് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. വാക്‌സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങൾ റാബിസിൽ അത്യപൂർവമാണ്. എങ്കിലും അടുത്ത കാലത്ത് പേ വിഷബാധ ഉണ്ടായവരിൽ വാക്‌സിനും സിറവും സ്വീകരിച്ചവരുമുണ്ട് എന്നതിനാലാണ് ഇത്തരം ഒരു അന്വേഷണം കൂടി നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു.
ഇതിനായി സംസ്ഥാനത്ത് നിന്ന് ശേഖരിച്ച വൈറസുകളുടെ സമ്പൂർണ ജനിതക ശ്രേണീകരണം (കംപ്ലീറ്റ് ജീനോമിക് അനാലിസിസ്) പൂനൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
Post Your Comments