Latest NewsKeralaNews

മുൻകൂറായി റീച്ചാർജ് ചെയ്ത് യാത്ര ചെയ്യാം: ട്രാവൽ കാർഡ് പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് ടിക്കറ്റ് വേഗത്തിൽ ലഭിക്കുന്നതിനായും നടപ്പാക്കുന്ന സ്മാർട്ട് ട്രാവൽ കാർഡ് പദ്ധതിയ്ക്ക് കെഎസ്ആർടിസി തുടക്കമിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ കെഎസ്ആർടിസിയുടെ സ്മാർട്ട് ട്രാവൽ കാർഡ് ഔദ്യോഗികമായി പുറത്തിറക്കി.

Read Also: പട്ടിയുടെ കടിയേറ്റാൽ ആദ്യ ഒരു മണിക്കൂർ നിർണായകം: ഈ കാര്യങ്ങൾ എത്രയും വേഗം ചെയ്യുക, ഡോക്ടറുടെ കുറിപ്പ് വൈറൽ

ആർഎഫ്‌ഐഡി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ട്രാവൽ കാർഡാണ് പുറത്തിറക്കുന്നത്. ഇത് വഴി മുൻകൂറായി പണം റീച്ചാർജ് ചെയ്ത് യാത്ര ചെയ്യാനാകും. യാത്രക്കാർക്ക് ചില്ലറയില്ലാതെയുള്ള ബുദ്ധിമുട്ടുകളും ഇത് വഴി പരിഹരിക്കപ്പെടും. കൂടാതെ പണം ചാർജ് ചെയ്യുന്നതിന് ആനുപാതികമായ ഓഫറുകളും ലഭിക്കും. ഇത് വഴി കണ്ടക്ടർക്ക് പണം സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാകും. ഇടിഎം ഉപയോഗിച്ച് കാർഡുകളിലെ ബാലൻസ് പരിശോധിക്കാം.

കണ്ടക്ടർമാർ, കെഎസ്ആർടിസി ഡിപ്പോകൾ, മറ്റ് അംഗീകൃത ഏജന്റുമാർ എന്നിവർ വഴി കാർഡുകൾ ലഭിക്കും. പ്രാരംഭ ഓഫറായി 100 രൂപയ്ക്ക് സ്മാർട്ട് ട്രാവൽ കാർഡ് വാങ്ങുമ്പോൾ 150 രൂപയുടെ മൂല്യം ലഭിക്കും. അത് പൂർണ്ണമായി ഉപയോഗിക്കാനും കഴിയും. 250 രൂപയിൽ കൂടുതൽ തുകയ്ക്ക് ചാർജ് ചെയ്യുന്നവർക്ക് 10 ശതമാനം അധികമൂല്യം ലഭിക്കും.

അടുത്ത ഘട്ടത്തിൽ കാർഡ് വിതരണത്തിനുള്ള ഏജന്റുമാരെ കെഎസ്ആർടിസി കണ്ടെത്തും. ഇതിനായി ലോട്ടറി ഏജന്റുമാർ, ഡയറക്ട് സെല്ലിംഗ് ഏജന്റുമാർ എന്നിവർക്ക് ഏജൻസി നൽകും. ഇത് വഴി കൂടുതൽ പേർക്ക് കാർഡ് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നിശ്ചിത തുക ഡിപ്പോസിറ്റായി നൽകി ഡയറക്ട് സെല്ലിംഗ് ഏജന്റുമാർക്ക് ഏജൻസികൾ എടുക്കാനും കഴിയും.

ട്രാവൽ കാർഡുകൾ റീ ചാർജ് ചെയ്യുന്നത് വഴി കെഎസ്ആർടിസിക്ക് മുൻകൂർ തുക ലഭിക്കുമെന്നത് നേട്ടമാണ്. കൂടാതെ ട്രാവൽകാർഡ് എടുക്കുന്നവർ സ്ഥിരം യാത്രക്കാർ ആകുകയും ചെയ്യും. ട്രാവൽ കാർഡ് ഉപയോഗിക്കുന്നവരുടെ യാത്ര വിശകലനം ചെയ്തു ഷെഡ്യൂളുകൾ പുന:ക്രമീകരിക്കാനും സാധിക്കും.

ആദ്യഘട്ടത്തിൽ സിറ്റി സർക്കുലർ ബസുകളിലായിരിക്കും സ്മാർട്ട് ട്രാവൽ കാർഡ് നടപ്പാക്കുക. അതിന് ശേഷം സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവീസുകളിലും തുടർന്ന് സംസ്ഥാന വ്യാപകമായി എല്ലാ ബസുകളിലും കാർഡുകൾ ലഭ്യമാക്കും.

കാർഡ് വാങ്ങുന്നവർ അപ്പോൾ തന്നെ കാർഡിന്റെ പ്രവർത്തന ക്ഷമത പരിശോധിച്ച് ബാലൻസ് ഉൾപ്പടെ ഉറപ്പു വരുത്തണം. പരമാവധി 2000 രൂപ വരെയാണ് ഒരു സമയം റീ ചാർജ് ചെയ്യാൻ കഴിയുന്നത്.

കൂടാതെ കാർഡുകൾ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ കൈമാറി യാത്രയ്ക്ക് വേണ്ടിയുള്ള ടിക്കറ്റുകൾ എടുക്കാനാകും. കാർഡിലെ തുകയ്ക്ക് ഒരു വർഷം വാലിഡിറ്റിയും ലഭിക്കും. ഒരു വർഷത്തിലധികം കാർഡ് ഉപയോഗിക്കാതിരുന്നാൽ കാർഡ് റീ ആക്ടിവേക്ട് ചെയ്യണം. കാർഡ് നഷ്ടപ്പെട്ടാൽ ഉത്തരവാദിത്വം കാർഡിന്റെ ഉടമയ്ക്കായിരിക്കും. കൂടാതെ കാർഡ് പ്രവർത്തിക്കുന്നില്ലെങ്കിൽ കെഎസ്ആർടിസി, ഐടി വിഭാഗം വിലയിരുത്തിയ ശേഷം മൂന്ന് ആഴ്ചക്കകം കാർഡ് മാറ്റി നൽകും. എന്നാൽ കാർഡ് ഒടിയുകയോ, പൊട്ടുകയോ ചെയ്താൽ മാറ്റി നൽകില്ല. ട്രാവൽ കാർഡിൽ ഏതെങ്കിലും രീതിയിൽ കൃത്രിമം നടത്താൻ ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടിസി മുന്നറിയിപ്പ് നൽകി.

Read Also: നുഴഞ്ഞുകയറ്റത്തിനിടെ പിടിയിലായി, ഹൃദയാഘാതം മൂലം മരിച്ച ഭീകരന്റെ മൃതദേഹം ഏറ്റുവാങ്ങി പാകിസ്ഥാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button