ബെലഗാവി: ലൈംഗിക പീഡന ആരോപണം ഉയർന്നതിനു പിന്നാലെ സന്യാസി തൂങ്ങിമരിച്ച നിലയിൽ. കർണാടകയിൽ ലിംഗായത്ത് സമുദായത്തിൽപെട്ട ബസവ സിദ്ധലിംഗ സ്വാമിയെയാണ് മഠത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബെലഗാവി ജില്ലയിൽ ഗുരു മടിവാളേശ്വർ മഠത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. സ്വാമിയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തുവെങ്കിലും ഇതിന്റെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല. ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
കർണാടകയിലെ ചില മഠങ്ങളിൽ നടന്ന ലൈംഗികാതിക്രമ കേസുകളെ കുറിച്ച് രണ്ടു സ്ത്രീകൾ ചർച്ച ചെയ്യുന്ന വീഡിയോയിൽ ബസവ സിദ്ധലിംഗ സ്വാമിയുടെ പേര് പരാമർശിച്ചിരുന്നുവെന്നും ഇതിൽ സ്വാമി അസ്വസ്ഥനായിരുന്നെന്നുമാണ് അനുയായികൾ പറയുന്നത്.
കർണാടകയിലെ പ്രധാന ലിംഗായത്ത് മഠങ്ങളിലൊന്നായ മുരുഗ മഠത്തിന്റെ തലവനായ ശിവമൂർത്തി ശരണാരുവിനെ ഈ മാസം ആദ്യം ലൈംഗിക പീഡന കേസിൽ അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ഇതിനു പിന്നാലെയാണ് ബസവ സിദ്ധലിംഗ സ്വാമിയുടെ പേര് പറയുന്ന ഒരു ചർച്ചയുടെ വീഡിയോ പുറത്ത് വന്നത്.
Post Your Comments