കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ പട്ടി കടിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സാധ്യമായ എല്ലാ ചികിത്സയും നൽകണമെന്ന് നിർദേശിച്ചിരുന്നു. കുട്ടിയുടെ സാമ്പിൾ പൂനെയിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. എന്തെങ്കിലും വീഴ്ച ഉണ്ടായെങ്കിൽ അന്വേഷണം നടത്തുമെന്നും മന്ത്രി വിശദീകരിച്ചു.
Read Also: റെയിൽവേ ട്രാക്കിൽ ഇൻസ്റ്റാഗ്രാം റീൽസ്: പാഞ്ഞ് വന്ന ട്രെയിൻ തട്ടി, കൗമാരക്കാരൻ ഗുരുതരാവസ്ഥയിൽ
എല്ലാ വകുപ്പും സംയുക്തമായി കർമ പദ്ധതി തയ്യാറാക്കും. വാക്‌സിനുമയി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ആശങ്ക പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമി(12)യാണ് മരിച്ചത്.
പേ വിഷബാധയ്ക്കെതിരായ മൂന്ന് പ്രതിരോധ കുത്തിവെയ്പ്പുകളും എടുത്തിരുന്നു. ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കഴിഞ്ഞ മാസം 14 ന് രാവിലെ പാൽ വാങ്ങാൻ പോകവേ പെരുനാട് കാർമൽ എഞ്ചിനീയറിംഗ് കോളേജ് റോഡിൽ വെച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേൽക്കുന്നത്. കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്ത് കടിയേറ്റു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് അവിടെ നിന്നാണ് ആദ്യത്തെ വാക്സിൻ എടുക്കുന്നത്.
പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുമാണ് രണ്ട് വാക്സിൻ സ്വീകരിച്ചത്. നാലാമത്തെ വാക്സിൻ ഈ മാസം 10 ന് എടുക്കണമെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചിരുന്നു. എന്നാൽ, വെള്ളിയാഴ്ച്ച വൈകിട്ടോടെ അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Post Your Comments