ന്യൂഡൽഹി: 2024ലെ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് പോരാടിയാൽ ബി.ജെ.പി വെറും 50 സീറ്റുകളിലേക്ക് ചുരുങ്ങുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പഴയ സഖ്യകക്ഷികളായ തേജസ്വി യാദവിന്റെ ആർ.ജെ.ഡിയും കോൺഗ്രസും ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കാൻ തയ്യാറെടുക്കുകയാണ് നിതീഷ് കുമാർ. ബി.ജെ.പിയെ പുറത്താക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ് താനെന്നും നിതീഷ് കുമാർ പറഞ്ഞു.
പട്‌നയില്‍ നടന്ന ജെ.ഡി.യുവിന്റെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് നിതീഷ് പ്രതിപക്ഷ ഐക്യത്തിനായി ആഹ്വാനം ചെയ്തത്. രണ്ട് പ്രമേയങ്ങൾ ആണ് യോഗത്തിൽ പാസാക്കിയത്. പ്രതിപക്ഷ ഐക്യത്തിനായി നിതീഷ് കുമാറിനെ ചുമതലപ്പെടുത്തുക, രാജ്യത്ത് ബി.ജെ.പി ഭരണത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയുണ്ട് എന്നിവയാണ് പാസാക്കിയ പ്രമേയങ്ങൾ.
ബി.ജെ.പി വിരുദ്ധ മുന്നണിക്കായി മറ്റ് പാർട്ടികളുടെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹി സന്ദർശിക്കുമെന്ന് നേരത്തെ നിതീഷ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയേക്കുമെന്നാണ് സൂചന. മണിപ്പൂരില്‍ ജെഡിയുവില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന അഞ്ച് എംഎല്‍എമാര്‍ തന്നെ വന്നു കണ്ടിരുന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎയെ പാര്‍ട്ടി ഉപേക്ഷിച്ചതില്‍ അവര്‍ക്കു സന്തോഷമുണ്ടെന്ന് അറിയിച്ചതായും നിതീഷ് കുമാര്‍ പറഞ്ഞു.
Post Your Comments