ഗാന്ധിനഗർ: ബി.ജെ.പി വിടാതെ എ.എ.പിക്ക് വേണ്ടി പ്രവർത്തിക്കാൻ ഗുജറാത്തിലെ ബി.ജെ.പി പ്രവർത്തകരോട് അഭ്യർത്ഥിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്‌രിവാൾ. ബി.ജെ.പി പ്രവർത്തകർക്ക് പാർട്ടിയിൽ നിന്ന് ‘പണം’ ലഭിക്കുന്നത് തുടരണമെന്നും എന്നാൽ, ആം ആദ്മി പാർട്ടിക്ക് വേണ്ടി ‘അകത്ത് നിന്ന്’ പ്രവർത്തിക്കണമെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
സംസ്ഥാനത്ത് തന്റെ പാർട്ടി അധികാരത്തിൽ വരുമ്പോൾ ജനങ്ങൾക്ക് താൻ വാഗ്ദാനം ചെയ്യുന്ന എല്ലാ ഉറപ്പുകളും ബി.ജെ.പി പ്രവർത്തകർക്ക് പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞങ്ങൾക്ക് ബി.ജെ.പി നേതാക്കളെ ആവശ്യമില്ല, ബി.ജെ.പിക്ക് അവരുടെ നേതാക്കളെ നിലനിർത്താം. ഗ്രാമങ്ങളിലും ബൂത്തുകളിലും താലൂക്കുകളിലും ബി.ജെ.പിയുടെ പ്രവർത്തകർ കൂട്ടത്തോടെ ഞങ്ങളോടൊപ്പം ചേരുന്നു. അവരുടെ സേവനത്തിന് പ്രതിഫലമായി ബി.ജെ.പി എന്താണ് നൽകിയതെന്ന് അവരോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.അവർ വർഷങ്ങൾക്ക് ശേഷവും പാർട്ടിയിലുണ്ട്,’ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
‘ബി.ജെ.പി പ്രവർത്തകർക്ക് ആ പാർട്ടിയിൽ തുടരാം, പക്ഷേ ആം ആദ്മി പാർട്ടിയിൽ പ്രവർത്തിക്കാം. അവരിൽ പലർക്കും ബി.ജെ.പി ശമ്പളം നൽകുന്നു. അതിനാൽ പണം അവിടെ നിന്ന് വാങ്ങുക, പക്ഷേ ഞങ്ങൾക്ക് പണമില്ലാത്തതിനാൽ ഞങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക,’ കെജ്‌രിവാൾ പറഞ്ഞു.
Post Your Comments