
ജനീവ: പ്രതിസന്ധിയിലായ അഫ്ഗാനിസ്ഥാനിലെ ഭക്ഷ്യ വിതരണത്തിന് പാകിസ്ഥാനിലെ വെള്ളപ്പൊക്കം ഭീഷണിയാകും. ഈ സാഹചര്യത്തിൽ പാകിസ്ഥാനിലെ വെള്ളപ്പൊക്ക സാഹചര്യം വഷളാക്കുന്നതിൽ ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി. പാകിസ്ഥാനിലെ വിനാശകരമായ വെള്ളപ്പൊക്കം അയൽരാജ്യമായ അഫ്ഗാനിസ്ഥാനിലേക്ക് ഭക്ഷണം എത്തിക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സമാകുന്നുവെന്ന് യു.എൻ പറഞ്ഞു. ഭക്ഷണ സഹായത്തിന്റെ ഭൂരിഭാഗവും പാകിസ്ഥാനിലൂടെ റോഡ് മാർഗമാണ് കൈമാറ്റം ചെയ്യുന്നത്. പാകിസ്ഥാനിലെ നിലവിലെ സാഹചര്യം അഫ്‌ഗാനെ കൂടി ദുരിതത്തിലാഴ്ത്തുകയാണ്.
‘മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷയെക്കുറിച്ച് ഞങ്ങൾ വളരെ ശ്രദ്ധാലുക്കളാ. പാകിസ്ഥാനിൽ മാത്രമല്ല, അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങളിലും ഞങ്ങളുടെ കണ്ണെത്തുന്നുണ്ട്. കറാച്ചി തുറമുഖം വഴിയാണ് അഫ്‌ഗാനിസ്ഥാനിലേക്ക് വലിയ അളവിലുള്ള ഭക്ഷണം എത്തുന്നത്. വെള്ളപ്പൊക്കത്തിൽ നിരവധി റോഡുകൾ ഒലിച്ചു പോയി. അത് ഞങ്ങൾക്ക് ഒരു വലിയ വെല്ലുവിളിയാണ്’, ഡബ്ല്യുഎഫ്‌പിയുടെ പാകിസ്ഥാൻ കൺട്രി ഡയറക്ടർ ക്രിസ് കെയ് പറഞ്ഞു.
‘അഫ്ഗാനിസ്ഥാനിലെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി WFP കഴിഞ്ഞ വർഷം 320,000 മെട്രിക് ടൺ സംഭരിച്ചു. പാകിസ്ഥാനിലെ വെള്ളപ്പൊക്കം ആ ശ്രമങ്ങളെ ഇല്ലാതാക്കുന്നു. പാകിസ്ഥാനിലെ കാർഷികോൽപ്പാദനം ഇനി പുനഃസ്ഥാപിക്കുന്നതിൽ വലിയ പ്രശ്നമുണ്ട്. അഫ്ഗാനിസ്ഥാനിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് തുടരാനാണ് തീരുമാനം. പാകിസ്ഥാനിലെ വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിൽ ഗോതമ്പ് വിളവെടുപ്പ് സംഭരിക്കപ്പെടുകയായിരുന്നു. ഗോതമ്പിന്റെ വലിയൊരു ഭാഗം ഒഴുകിപ്പോയി. വെള്ളപ്പൊക്കത്തിന് മുമ്പുതന്നെ പാകിസ്ഥാനിലെ ഭക്ഷ്യസുരക്ഷാ സ്ഥിതി വളരെ ഗുരുതരമായിരുന്നു. ഇപ്പോൾ അത് ഉയർന്നിരിക്കുകയാണ്. 43 ശതമാനം ആളുകൾക്ക് ഭക്ഷ്യസുരക്ഷയില്ല. ആഗോള പട്ടിണി സൂചികയിൽ രാജ്യം 116-ൽ 92-ാം സ്ഥാനത്താണുള്ളത്’, അദ്ദേഹം പറഞ്ഞു.
മൺസൂൺ മഴ പാകിസ്ഥാന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളത്തിനടിയിലാക്കി. ജൂൺ മുതൽ ആരംഭിച്ച മഴ ഇതിനോടകം ആയിരത്തിലധികം പേരുടെ ജീവൻ അപഹരിക്കുകയും കോടികളുടെ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള തീവ്ര കാലാവസ്ഥയുടെ ആവൃത്തിയും തീവ്രതയും വർദ്ധിപ്പിക്കുന്നതായി അധികൃതർ കുറ്റപ്പെടുത്തി.
Post Your Comments