കാബൂൾ: അഫ്ഗാനിസ്ഥാനില്‍ മുസ്ലിം പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ താലിബാന്‍ നേതാവും ഇമാമുമായ മുജീബ് റഹ്മാന്‍ അന്‍സാരി അടക്കം കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ. 21 ലധികം ആളുകൾക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 5 പേരുടെ നില അതീവ ഗുരുതരമാണ്. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ മസ്ജിദില്‍ ഇന്നലെ വൈകിട്ടോടെയാണ് സ്ഫോടനം ഉണ്ടായത്. അന്‍സാരിയുടെ സുരക്ഷാ ഭടന്മാരും കൊല്ലപ്പെട്ടവരിലുണ്ട്.
അൻസാരിയും കൂട്ടരും പ്രാര്‍ത്ഥനയ്ക്കായി മസ്ജിദില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. സ്‌ഫോടനം നടക്കുന്ന സമയത്ത് ഒട്ടേറെ വിശ്വാസികൾ പള്ളിയിലുണ്ടായിരുന്നതായി റിപ്പോർട്ട്. മുജീബ്-ഉല്‍ റഹ്‌മാന്‍ അന്‍സാരിയുടെ മരണം താലിബാൻ സ്ഥിരീകരിച്ചിരുന്നു. മുജീബ് റഹ്മാന്‍ അന്‍സാരിയെ ലക്ഷ്യമിട്ടുകൊണ്ട് നടന്ന ഭീകരാക്രമണമാണിതെന്നാണ് സംശയിക്കുന്നത്. സ്ഫോടനം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ പാശ്ചാത്യ പിന്തുണയുള്ള സര്‍ക്കാരുകളെ വിമര്‍ശിച്ചതിന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനിലുടനീളം അറിയപ്പെടുന്ന പ്രമുഖ പുരോഹിതനായിരുന്നു മുജീബ്-ഉല്‍ റഹ്‌മാന്‍ അന്‍സാരി. അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക പിന്‍വാങ്ങിയതോടെ 2021ല്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാനുമായി മുജീബ്-ഉല്‍ റഹ്‌മാന്‍ അന്‍സാരി ബന്ധം സ്ഥാപിച്ചിരുന്നു.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ മസ്ജിദുകള്‍ കേന്ദ്രീകരിച്ചുള്ള ഭീകരാക്രമണങ്ങള്‍ തുടരുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് അഫ്ഗാനിലെ മസ്ജിദില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. അധികാരത്തിലേറിയതിന് ശേഷം രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വാദിച്ച താലിബാൻ, തുടര്‍ച്ചയായി മസ്ജിദുകൾക്ക് നേരെ ഉണാകുന്ന ഭീകരാക്രമണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും പറഞ്ഞു.
Post Your Comments