Onam HistoryArticle

ഓണത്തിന് പൂക്കളം ഇടുന്നതിന്റെ ഐതിഹ്യം

അത്തം നാളിലെ പൂക്കളത്തില്‍ ചുവന്ന പൂവ് ഉപയോഗിക്കാന്‍ പാടില്ല

ഓണം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ഓര്‍മ്മയില്‍ ആദ്യം ഓടിയെത്തുന്നത് വര്‍ണാഭമായ പൂക്കളമായിരിക്കും. ഓണത്തിന്റെ പ്രത്യേകത പല വര്‍ണത്തിലുള്ള പൂക്കള്‍ കൊണ്ട് ഒരുക്കുന്ന പൂക്കളം തന്നെയാണ്. അതുകൊണ്ടുതന്നെ, ഓണത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് അത്തപൂക്കളം. റെഡിമെയ്ഡ് പൂക്കളുടെയും പൂക്കളങ്ങളുടെയുമൊക്കെ കാലത്തേയ്ക്ക് നാം മാറിയെങ്കിലും പൂവിറുക്കലും പൂക്കളമൊരുക്കലുമൊക്കെ ഇന്നും ഓണക്കാലത്തെ സമ്പന്നമാക്കുന്നവയാണ്.

ഓണത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നതുപോലെ തന്നെ അത്തപൂക്കളത്തിനും ഉണ്ട്‌
നിരവധി കഥകള്‍. പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന ഓണാഘോഷം
ആരംഭിക്കുന്നത് ചിങ്ങമാസത്തിലെ അത്തം നാളിലാണ്. അത്തം ഒന്നു മുതല്‍ അത്തപൂക്കളം അഥവാ ഓണപൂക്കളം ഇട്ടു തുടങ്ങും. പൂക്കളം ഒരുക്കുന്നതിനുമുണ്ട് ചില ചിട്ടവട്ടങ്ങള്‍ ഒക്കെ. ചാണകം മെഴുകി ഒരുക്കിയ പ്രത്യേക സ്ഥലത്തായിരുന്നു പണ്ട് പൂക്കളം ഇട്ടിരുന്നത്. ഇപ്പോഴത് മാറി വിമാനത്തില്‍ വരെ പൂക്കളമിടും. കാരണം ആചാരങ്ങളെക്കാള്‍ ഉപരി നമുക്ക് ഇന്നത് ഒരു ആഘോഷമാണ്.

പൂക്കളം ഇട്ടുതുടങ്ങുന്ന ആദ്യനാളില്‍ അതായത് അത്തം ഒന്നിന് ഒരു നിര പൂ മാത്രമാണ് ഇടുന്നത്. പിന്നീട് വരുന്ന ഓരോ ദിവസവും ഓരോ നിര കൂടും, പൂക്കളുടെ ഇനവും. ഉത്രാടം നാളിലാണ് പൂക്കളം ഏറ്റവും വലിപ്പത്തില്‍ ഒരുക്കുക. മൂലം നാളില്‍ ഒരുക്കുന്ന പൂക്കളത്തിന് ചതുരാകൃതി ആയിരിക്കും. തീര്‍ന്നില്ല അത്തം നാളിലെ ആദ്യപൂക്കളത്തില്‍ ചുവന്ന പൂക്കള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നുമുണ്ടത്രെ. പൂക്കളത്തില്‍ നിന്ന് അങ്ങനെ ഒരുപൂക്കളെയും മാറ്റി നിര്‍ത്താറില്ലെങ്കിലും ചോതി നാള്‍ മുതലേ ചെമ്പരത്തിപ്പൂവ് ഇട്ടു തുടങ്ങൂ.

പൂക്കളം ഒരുക്കുന്നതിന് പിന്നിലും ഒരു ഐതിഹ്യമുണ്ട്. തൃക്കാക്കര വരെപ്പോയി തൃക്കാക്കരയപ്പനെ പൂജിക്കാന്‍ എല്ലാ ജനങ്ങള്‍ക്കും കഴിയാതെ വന്നപ്പോള്‍ എല്ലാവരും സ്വന്തം വീട്ടുമുറ്റത്ത് പൂക്കളം ഉണ്ടാക്കി അതില്‍ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളാന്‍ തൃക്കാക്കരയപ്പന്‍ അനുവാദം നല്‍കി എന്നാണ് ഐതിഹ്യം. അതു പ്രകാരം തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാന്‍ വേണ്ടിയാണത്രെ പൂക്കളം ഒരുക്കുന്നത്.

ജാതി മത ഭേദമന്യേ എല്ലാവരും പൂക്കളം ഒരുക്കുകയും ഓണം ആഘോഷിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button