ടുകുമാൻ: 2019 ൽ ചൈനയിലെ വുഹാനിൽ ആരംഭിച്ച കോവിഡ് വൈറസ് മഹാമാരിയായി ലോകമെങ്ങും പടർന്നു പിടിച്ചു. വുഹാനിലേതിന് സമാനമായ സംഭവങ്ങളാണോ ഇപ്പോൾ അർജന്റീനയിൽ നടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ടുകുമാനിലെ ഒരു ആശുപത്രിയിൽ അജ്ഞാത ന്യുമോണിയ മൂലം മൂന്ന് പേർ മരിച്ചതിന്റെ കാരണം കണ്ടെത്താനാകാതെ ആശങ്കയിലാണ് അർജന്റീനിയൻ ആരോഗ്യ മന്ത്രാലയം. ഇതുവരെ 9 പേർക്ക് രോഗം ബാധിച്ചു. ഇതിൽ മൂന്ന് പേർ മരിച്ചു. ബാക്കി 6 പേരുടെ നില ഗുരുതരമാണ്.
ഓഗസ്റ്റ് മധ്യത്തിൽ, ടുകുമാനിലെ ഒരു ആശുപത്രിയിൽ അജ്ഞാത ന്യുമോണിയയുടെ ഒരു കേസ് കണ്ടെത്തുകയായിരുന്നു. ഇയാളുടെ രണ്ട് ശ്വാസകോശങ്ങളിലും വീക്കം ഉണ്ടായതായി മന്ത്രാലയം അറിയിച്ചു. പകർച്ചവ്യാധി ആണെന്ന് സമാന ലക്ഷണങ്ങളോടെ മൂന്ന് പേരെ കൂടി അഡ്മിറ്റ് ആക്കിയതോടെ ആണ് വ്യക്തമായത്. ഇത് പകരാനുള്ള കാരണവും വഴിയും അന്വേഷിക്കുകയാണ്.
ന്യുമോണിയയുമായി പൊരുത്തപ്പെടുന്ന ലക്ഷണങ്ങളുള്ള സംശയാസ്പദമായ കേസുകളുടെ ഭാഗമാണ് ടുകുമാനിൽ രജിസ്റ്റർ ചെയ്ത കേസുകളെന്ന് പ്രവിശ്യാ ആരോഗ്യ മന്ത്രി ലൂയിസ് മദീന റൂയിസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ നിന്ന് 800 മൈൽ അകലെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ടുകുമാനിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒരു ആശുപത്രിയിൽ തന്നെയാണ് എല്ലാ കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് ആശുപത്രി പൂട്ടി മറ്റ് രോഗികളെ സ്വീകരിക്കുന്നത് നിർത്തി.
കൊവിഡ്, ഇൻഫ്ലുവൻസ, ഹാന്റവൈറസ് എന്നിവയിൽ ഏതെങ്കിലും ആണോയെന്ന് പരിശോധിച്ചെങ്കിലും അല്ലെന്ന് കണ്ടെത്തത്തിയതോടെ, മാരകമായ പൊട്ടിത്തെറിക്കുള്ള സാധ്യതയും അധികൃതർ കാണുന്നുണ്ട്. രോഗം ബാധിച്ച ഒൻപത് പേരിൽ ഇതുവരെ മരിച്ച മൂന്ന് പേരും ആരോഗ്യ പ്രവർത്തകരാണ്. ഒരാൾ മാത്രമാണ് പുറത്ത് നിന്നുള്ളത്. ഇയാൾക്ക് ആരോഗ്യ പ്രവർത്തകരിൽ നിന്ന് പകർന്നതാകാമെന്നാണ് നിഗമനം. ലോകം മറ്റൊരു പകർച്ചവ്യാധിക്ക് സാക്ഷ്യം വഹിക്കുകയാണോയെന്ന ചോദ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്.
Post Your Comments