കണ്ണൂര്‍: ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചു കൊണ്ടാണ് ബി.ജെ.പി ഭരണം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചും ജനങ്ങളെ ഭിന്നിപ്പിച്ചും അധികാരത്തിലിരിക്കുന്നവരാണ് ബി.ജെ.പിയെന്നായിരുന്നു കാനം പറഞ്ഞത്. സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പ്രദീപ് പുതുക്കുടി നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വൈവിധ്യങ്ങളിലെ ഏകത്വമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിസ്രോതസ്സ്. എന്നാല്‍, ആ ഐക്യം തകര്‍ക്കാന്‍ മതത്തിന്റെയും ജാതിയുടെയും വിശ്വാസത്തിന്റെയും പേരില്‍ ഒന്നിച്ചു നില്ക്കുന്ന മനുഷ്യനെ ഭിന്നിപ്പിക്കാനുള്ള ശ്രമം ബി.ജെ.പി നടത്തുന്നു. സ്വാതന്ത്ര്യം നേടിത്തരുന്നതിന് ഒരു പങ്കും വഹിക്കാത്ത പാര്‍ട്ടി, ചരിത്രം മാറ്റിയെഴുതാനുള്ള നീക്കം നടത്തുന്നു. യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകലെയുള്ള ചരിത്രം തീര്‍ക്കുന്നു. യഥാര്‍ത്ഥ ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു നൂറ്റാണ്ട് നീണ്ടു നിന്ന സ്വാതന്ത്ര്യ സമരത്തില്‍ ഒരു നിഴല്‍ വീണ പങ്കാളിത്തം പോലും ബി.ജെ.പിക്ക് അവകാശപ്പെടാനില്ല. രാജ്യത്തിന്റെ വിഭജനത്തില്‍ സജീവ പങ്കാളികളായ ഇവര്‍ ദേശീയ പതാകയെ അംഗീകരിക്കാത്തവര്‍, ഇന്ന് 20 കോടി ദേശീയ പതാക നിര്‍മ്മിച്ച് നല്കി കപട ദേശീയത പരത്താനുള്ള ശ്രമം നടത്തി.
ക്ഷേമ രാഷ്ട്രം അല്ലെങ്കില്‍ മത നിരപേക്ഷ സങ്കല്പം എന്നതിനെ രാജ്യം ഒരിക്കലും എതിര്‍ത്തിരുന്നില്ല. എന്നാല്‍, ആ സങ്കല്പം യൂറോപ്യന്‍ ധാരണകളാണെന്ന് പ്രചരിപ്പിക്കുന്നവരാണ് അധികാരത്തിലിരിക്കുന്നത്. രാജ്യത്തെ കേവലം ഹിന്ദുത്വത്തിന് വഴിമാറ്റാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഫലമായി രാഷ്ട്രീയമായി മാത്രമല്ല സാമ്പത്തിക നയങ്ങള്‍ക്കും മാറ്റമുണ്ടാക്കി. സാമ്പത്തിക രംഗത്തും രാഷ്ട്രീയ രംഗത്തും കോര്‍പ്പറേറ്റ് താത്പര്യം സംരഷിക്കുന്നവരാണ് ബിജെപി. സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കൈ കടത്തി സംസ്ഥാനങ്ങളെ ദുര്‍ബലമാക്കി കേന്ദ്രം ശക്തമാകുന്ന തരത്തില്‍ മുന്നോട്ടു പോയി. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര മൂലധന നിക്ഷേപത്തിന്റെ തുക ഉയര്‍ത്തണമെന്ന നിരന്തര ആവശ്യം അംഗീകരിച്ചില്ലെന്ന് മാത്രമല്ല കുറക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനങ്ങള്‍ ദാരിദ്ര്യമനുഭവിക്കുകയും രൂപയുടെ മൂല്യം കുറയുകയും വന്‍ വിലക്കയറ്റം ഉണ്ടാകുകയും ചെയ്തു’, കാനം ആരോപിച്ചു.
Post Your Comments