അഞ്‍ജു പാർവതി പ്രഭീഷ്
മറ്റൊരാളുടെ ജീവിതത്തിൻ്റെ കീഴേ പായ വിരിച്ചു കിടന്ന് പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്തുന്ന ഒരൊറ്റ ജനവിഭാഗമേ ഈ ഭൂമുഖത്തുണ്ടാവൂ – അവറ്റകളെ മലയാളിയെന്ന സംജ്ഞ കൊണ്ട് അടയാളപ്പെടുത്തുന്നു. ഇന്നലെ ഈ വിഭാഗം പായ വിരിച്ചു കിടന്നത് നടി മഹാലക്ഷ്മിയുടെ വിവാഹവാർത്തയ്ക്ക് താഴെയായിരുന്നു. അതിനു മുമ്പ് ചെമ്പൻ വിനോദിൻ്റെയും അമൃതാ സുരേഷിൻ്റെയും കട്ടിലിനു കീഴെയായിരുന്നു.സ്വന്തം വീട്ടിലെ അടുപ്പിൻചോട്ടിൽ വരെ അമേദ്യം കുമിഞ്ഞുകിടന്നാലും അതിൽ ചവിട്ടി നിന്ന് അപ്പുറത്തെ ആളുടെ മുറ്റത്തെ കാക്ക കാഷ്ടത്തെ കുറ്റം പറയുന്നവൻ്റെ പേരാണ് കോമഡി – പ്രബുദ്ധ മലയാളി!
ഈ ഇന്ത്യാ മഹാരാജ്യത്ത് പതിനെട്ട് കഴിഞ്ഞ ഏതൊരു പെണ്ണിനും ഏതൊരു ആണിനെയും കെട്ടാമെന്നിരിക്കെ, കല്യാണമെന്നത് ഒരാളുടെ തീർത്തും സ്വകാര്യമായ തീരുമാനമാണെന്നിരിക്കെ അതിലൊക്കെ ഇടപെടാനും ജഡ്ജ് ചെയ്യാനും വേറൊരാൾക്ക് എന്തധികാരം? ഇന്നലെത്തെ കമൻ്റുകൾ കണ്ടാലറിയാം ഈ ലോകത്തെ ഏറ്റവും ലൈംഗിക അരാജകത്വം ബാധിച്ച ഒരു സമൂഹത്തിൻ്റെ പേരാകുന്നു മലയാളീസ് എന്നത്. എന്തൊക്കെ കൺസേൺസ് ആണ് അവറ്റകൾക്ക് മഹാലക്ഷ്മിയുടെ കാര്യത്തിൽ. ഇവന്മാരുടെ വിചാരം കല്യാണം എന്നാൽ ഇരുപത്തിനാല് മണിക്കൂറും കട്ടിലിൽ കിടന്നുള്ള പരിപാടിയെന്നു മാത്രമാണ്. ലിംഗം കൊണ്ട് മാത്രം ചിന്തിക്കാൻ കഴിയുന്ന sexual പെർവേർട്ടുകൾക്ക് മനസ്സുകളുടെ പൊരുത്തത്തെ കുറിച്ചൊക്കെ എങ്ങനെ ധാരണ വരാനാണ്?
സ്വന്തം നൈരാശ്യം ആരാന്റെ നെഞ്ചത്ത് തീർക്കുന്ന ഏർപ്പാട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല മലയാളികൾ. പണ്ട് കലുങ്കുകളിലും ചായക്കടകളിലിരുന്നും തീർത്തിരുന്ന ഫ്രസ്ട്രേഷൻ അപ്പടി ഇന്ന് സോഷ്യൽ മീഡിയ വഴി തീർക്കുന്നു എന്നു മാത്രം. തങ്ങൾക്ക് കിട്ടാത്തത് അന്യന് കിട്ടുമ്പോഴുള്ള കണ്ണുകടിയെ അവൻ മറികടക്കുന്നത് ബോഡി ഷെയ്മിംഗ് കൊണ്ടാണ്. അല്ലെങ്കിൽ പെണ്ണിനെ പഴിച്ചുക്കൊണ്ട് കൊതിക്കെറുവ് പറയും. കിട്ടാത്ത മുന്തിരിക്ക് കേരളക്കരയിൽ എന്നും പുളി കൂടുതലാണ്.
മല്ലൂസ് പോലെ കാപട്യം നിറഞ്ഞ ടീംസ് വേറൊരിടത്തും ഉണ്ടാവില്ല എന്നുള്ളതിൻ്റെ ദൃഷ്ടാന്തം ഒരേസമയം തല്ലാനും തലോടാനുമുള്ള അവൻ്റെ സൈക്കോ മൈൻഡ് സെറ്റ് കാരണമാണ്. ഏതെങ്കിലും സ്ത്രീധന പീഡന മരണവാർത്ത വന്നാൽ പ്രബുദ്ധ മല്ലൂസ് അട്ടിപ്പേറ് കിടന്ന് വല്ലാണ്ട് ആകുലപ്പെട്ട് ഇങ്ങനെ പറയും- ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ നിന്നും ഇറങ്ങിപ്പോരൂ കുട്ടികളെ എന്ന്. എന്നിട്ട് ഇങ്ങനെ ഇറങ്ങി വരുന്ന കുട്ടികൾ രണ്ടാമത് കെട്ടിയാലോ ഇതേ മല്ലൂസ് പറയും സെക്കൻഡ് ഹാൻഡ് ആൻഡ് യൂസ്ഡ് വണ്ടികൾ എന്ന്.
മഹാലക്ഷ്മി എന്ന മുതിർന്ന പെൺകുട്ടിക്ക് തൻ്റെ കലയുമായി മുന്നോട്ട് പോകാൻ അറിയാമെങ്കിൽ, തൻ്റെ വൈവാഹിക ജീവിതവുമായിട്ടും മുന്നോട്ട് പോകാൻ അറിയാം. പിന്നെ കല്ലാണം കഴിച്ചയാളുടെ തടിയെ കുറിച്ചാണ് നിൻ്റെയൊക്കെ concern എങ്കിൽ ആ തടി നിൻ്റെയൊന്നും വീട്ടിലെ അന്നം തിന്ന് ഉണ്ടാക്കിയത് അല്ലല്ലോ. ആ ശരീര വണ്ണം കൊണ്ട് അയാൾക്കും അയാളെ കെട്ടിയ പെണ്ണിനും കുഴപ്പമില്ലെങ്കിൽ പിന്നെ കുഴപ്പം ആർക്കാണ്? തങ്ങളെ യാതൊരുതരത്തിലും ബാധിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് ഇവറ്റകൾ എന്തിനാണ് ഇങ്ങനെ വേവലാതിപ്പെടുന്നത്?
അന്യൻ്റെ പ്രണയത്തിൽ, അന്യൻ്റെ വൈവാഹിക ജീവിതത്തിൽ, അന്യൻ്റെ സ്വകാര്യതയിൽ ഒക്കെ കടന്നുക്കയറുന്നത് മഹാബോറാണ് സാക്ഷര പ്രബുദ്ധ മലയാളികളെ. നിൻ്റെ പ്രണയം, നിൻ്റെ ദാമ്പത്യം, നിൻ്റെ sexual ലൈഫ് ഒക്കെ അറ്റർലി ബിറ്റർലി വേസ്റ്റ് ആവുന്നതിന് പാവം മഹാലക്ഷ്മിയും കെട്ടിയോനും എന്ത് പിഴച്ചു? ആ ബന്ധത്തിന് എന്ത് സംഭവിച്ചാലും അത് അവരുടെ മാത്രം കാര്യമാണെന്നിരിക്കെ അതിൽ ഒളിഞ്ഞു നോക്കി ലിംഗവിശപ്പ് മാറ്റുന്നത് ഊളത്തരമാണ്. നമുക്ക് ആരുമല്ലാത്ത രണ്ടുപ്പേർ പരസ്പരസമ്മത പ്രകാരം കല്യാണം കഴിച്ചാൽ അതിൽ അവരുടെ പ്രായമോ, നിറമോ, ജാതിയോ, മതമോ, പണമോ, പ്രതാപമോ കൊണ്ടുള്ള അവർക്കില്ലാത്ത പ്രശ്നങ്ങൾ സംബന്ധിച്ച് എന്തിനാണ് നിങ്ങൾ വേവലാതിപ്പെടുന്നത്? ഒരാളുടെ സ്വകാര്യജീവിതത്തിൽ വന്നു എത്രത്തോളം ഫ്രസ്ട്രേഷൻ തീർക്കാൻ പറ്റുമോ അത്രത്തോളം തീർക്കും! എന്നിട്ട് പറയുന്നതോ സാക്ഷരത സമൂഹമെന്നും. ത്ഫൂ !!!
Post Your Comments