അഹമ്മദാബാദ്: ഗുജറാത്തിലെ ചാന്ദ്‌ഖേദ സ്വദേശിയായ കുൽദീപ് യാദവിന് സ്വന്തം വീട്ടിൽ തിരിച്ചെത്താൻ 28 വർഷമെടുത്തു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നാളുകൾ കുൽദീപ് കഴിഞ്ഞത് പാകിസ്ഥാൻ ജയിലിലാണ്. ചാരവൃത്തി, അട്ടിമറിക്കേസുകളിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച കുൽദീപ് കഴിഞ്ഞ ദിവസമാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. പാകിസ്ഥാൻ സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്നാണ് കുല്‍ദീപ് ഇന്ത്യയിലേക്ക് മടങ്ങി വന്നത്.
രേഖയ്ക്ക് വൈകിയെത്തിയ രക്ഷാബന്ധൻ സമ്മാനമായിരുന്നു അത്. കുൽപീടിന്റെ സഹോദരിയാണ് രേഖ. കുൽദീപിനെ കണ്ടിട്ടും രേഖയ്ക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. ജയിൽ ജീവിതം അദ്ദേഹത്തെ അത്രമാത്രം മാറ്റിയിരുന്നു. ശത്രുരാജ്യത്തെ തടവറയില്‍നിന്നും രക്ഷപ്പെട്ട് സ്വന്തം നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് കുൽദീപ്.
ഗുജറാത്തിലെ ചന്ദ്‌ഖേദ സ്വദേശിയായ കുല്‍ദീപ് 1994-ലാണ് പാകിസ്ഥാനിലേക്ക് പോയത്. അന്നയാൾക്ക് 31 വയസായിരുന്നു. പാകിസ്ഥാനിൽ ജോലി ചെയ്തു മടങ്ങുന്നതിനു തൊട്ടുമുമ്പാണ് ഇദ്ദേഹത്തെ ചാരക്കേസിൽ പാക് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യയ്ക്കു വേണ്ടി ചാരവൃത്തി നടത്തി, പാക് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. ജീവപര്യന്തം ശിക്ഷ ലഭിച്ച കുൽദീപ്, നീണ്ട കാലം പാകിസ്ഥാനിലെ കോട് ലഖ്പത് ജയിലില്‍ കഴിയുകയായിരുന്നു.
പാക് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കുല്‍ദീപിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. എന്നിട്ടും ഇദ്ദേഹത്തെ മോചിപ്പിച്ചില്ല. ഒടുവിൽ ഇന്ത്യ ഇടപെട്ടു. പാക് ജയിലില്‍ നിന്നും വിട്ടയച്ച് വാഗാ അതിര്‍ത്തിയിലെത്തിയ കുല്‍ദീപിനെ ഇവിടെവെച്ച് ഇന്ത്യന്‍ സൈന്യം ഏറ്റുവാങ്ങുകയായിരുന്നു.
Post Your Comments