തിരുവനന്തപുരം: ഗ്രാമീണ മേഖലയുടെ സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് വെളിച്ചം പകരാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മിഷൻ 941 പദ്ധതി നിർണ്ണായക ചുവടുവയ്പ്പാകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും ജനോപകാരപ്രദവുമാക്കി മാറ്റുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മിഷൻ 941, മികവ് പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളിലും ഗ്രാമീണ ചന്തകൾ അഥവാ നാട്ടുചന്ത, തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.
Read Also: സുപ്രധാന നേട്ടം: സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്‌സിൻ വികസിപ്പിച്ച് ഇന്ത്യ
ഗ്രാമീണ ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനും മിച്ചം വരുന്നത് സൂക്ഷിച്ചു വെക്കുന്നതിനുള്ള സംവിധാനങ്ങൾ ഇവിടെയുണ്ടാകും. ഇതിനായി പഞ്ചായത്തുകളുടെ അധീനതയിലുള്ള ഭൂമിയും സർക്കാർ സംവിധാനങ്ങളുടെ ഭാഗമായുള്ള ഭൂമിയും ഉപയോഗിക്കും. കുടുംബശ്രീ ഗ്രൂപ്പുകൾക്കും സ്വയംസഹായ സംഘങ്ങൾക്കും വിൽപനയ്ക്കായി ഒരുങ്ങുന്ന ഈ സ്ഥിരം സംവിധാനം ഗ്രാമീണ കർഷകർക്ക് വലിയ ആശ്വാസമായിരിക്കും. ഗ്രാമീണ വിപണന കേന്ദ്രങ്ങളിൽ വരുന്നവർക്ക് മികച്ച സൗകര്യം ലഭ്യമാക്കുന്നതോടൊപ്പം കുടിവെള്ളം, ശൗചാലയം, വിശ്രമ സൗകര്യം, ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികളും ഇതിനോടൊപ്പം ഉണ്ടാകും. ഓരോ ഗ്രാമപഞ്ചായത്തിലും ഒരു കളിസ്ഥലമെങ്കിലും നിർമ്മിക്കുക പദ്ധതിയുടെ ലക്ഷ്യമാണ്. ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ ബാസ്‌ക്കറ്റ്ബോൾ തുടങ്ങിയ വിവിധ കായികയിനങ്ങൾക്ക് ഈ പ്രയോജനം ഉപയോഗപ്പെടുത്താവുന്നതാണ്. സ്‌കൂൾ കുട്ടികൾക്കും പ്രദേശവാസികൾക്കും പരമാവധി പ്രയോജനം ലഭ്യമാകുന്ന തരത്തിലായിരിക്കും സ്ഥലം കണ്ടെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments