Latest NewsKeralaNews

‘എത്ര വിശപ്പുണ്ടെങ്കിലും മനുഷ്യരെ ബൊമ്മ ആക്കി നിർത്തുന്ന ഹോട്ടലിൽ നിന്ന് കഴിക്കാൻ തോന്നാറില്ല’: വൈറൽ കുറിപ്പ്

ഹോട്ടലുകളുടെ മുന്നിൽ ബോർഡും പിടിച്ച് നിൽക്കുന്ന തൊഴിലാളികളെക്കുറിച്ചുള്ള ഡോ. സൗമ്യ സരിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു. കേരളത്തിലെ മിക്ക ഹോട്ടലുകളുടെയും മുന്നിലും വെയിലത്തും മഴയത്തും രാവിലെ മുതൽ വൈകുന്നേരം വരെ ഹോട്ടലിന്റെ ബോർഡ് പിടിച്ചു നിൽക്കുന്ന മനുഷ്യരെ കാണാറുണ്ടെന്നും, ഇരിക്കാൻ ഒരു കസേര പോലും നൽകാതെ ഇങ്ങിനെ ആളുകളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നുമാണ് കുറിപ്പിൽ പറയുന്നത്.

സൗമ്യയുടെ വൈറൽ കുറിപ്പ്:

നിങ്ങളുടെ യാത്രകളിൽ പലയിടത്തും നിങ്ങൾ ഇങ്ങനെ വഴിയരികിൽ നിൽക്കുന്നവരെ കണ്ടിട്ടുണ്ടാവും. ഹോട്ടലുകളുടെ പുറത്തായി…ഇങ്ങനെ ഒരു ബോർഡും പിടിച്ചു കൊണ്ട്…എന്റെ ആശുപത്രിയിലേക്കുള്ള ചെറിയ ദൂരത്തിൽ തന്നെ ഞാൻ 3 – 4 പേരെ ഇതുപോലെ കാണാറുണ്ട്. അതിൽ ഒരാൾ ആണ് ചിത്രത്തിൽ… വെയിലായാലും മഴ ആയാലും രാവിലെ മുതൽ വൈകുന്നേരം വരെ ഒരു ബോർഡും പിടിപ്പിച്ചു അവരെ നിർത്തിയിരിക്കുകയാണ് വഴിയരികിൽ…ഇരിക്കാൻ ഒരു കസേര പോലും ഇല്ലാതെ. ഈ കുട പോലും പലപ്പോഴും ആർഭാടം ആണ്. പലപ്പോഴും അതും കാണാറില്ല.

സത്യത്തിൽ എന്താണിതിന്റെ ആവശ്യം? ഒരു വെറും ബോർഡിന്റെ പണി എടുക്കാൻ മനുഷ്യരെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ? ഒരു ദിവസത്തെ അന്നത്തിനു വേണ്ടി ഇതിലും കഷ്ടപ്പാടുള്ള പണിയും അവർ ചെയ്യുമായിരിക്കും. അതവരുടെ ഗതികേട്! അതിനെ ഇങ്ങനെ മുതലെടുക്കുന്നത് കഷ്ടമല്ലേ?! അക്ഷരാഭ്യാസമുള്ള ആർക്കും ഹോട്ടൽ എന്നൊരു ബോർഡ് വായിക്കാം. വിശക്കുന്നുണ്ടെങ്കിൽ കയറി ഭക്ഷണം കഴിക്കാം. അതിന് ഒരു മനുഷ്യൻ ഇങ്ങനെ പാവ പോലെ പൊരിവെയിലത്തു നിക്കണോ? ഒരു 10 മിനിറ്റ് ഈ ഹോട്ടൽ മുതലാളിമാർ ഒന്ന് ഇങ്ങനെ വന്നു നിന്ന് നോക്കിയാൽ അറിയാം എന്താണ് ഇതിന്റെ ബുദ്ധിമുട്ട് എന്ന്. ഇനി അങ്ങിനെ നിർത്തിയെ തീരൂ എന്നാണെങ്കിൽ ഒരു കസേരയും ഒരു കുടയും എങ്കിലും കൊടുക്കുക. എത്ര വിശപ്പുണ്ടെങ്കിലും ഇത്തരത്തിൽ മനുഷ്യരെ ബൊമ്മ ആക്കി നിർത്തുന്ന ഹോട്ടലിൽ നിന്ന് എന്തെങ്കിലും കഴിക്കാൻ എനിക്ക് തോന്നാറില്ല. കാരണം അവിടെ മനുഷ്യത്വത്തിന്റെ സ്വാദുണ്ടാവില്ല!

( ഇപ്പോൾ കൂട്ടിച്ചേർത്തത് : പലരും ഇവർക്ക് ജോലി കൊടുത്ത കടയുടമയുടെ നന്മ കാണാതെ പോകരുത് എന്ന് പറഞ്ഞത് കണ്ടു. ഇവർക്ക് ശമ്പളം കൊടുത്തിട്ടാണ് ഈ ജോലിക്ക് വെച്ചിരിക്കുന്നതെന്നും ആരും അവരെ നിർബന്ധിക്കുന്നില്ലെന്നും പലരും എഴുതി കണ്ടു. സമ്മതിക്കുന്നു. ഞാൻ പറഞ്ഞല്ലോ, അവരുടെ കഷ്ടപ്പാട് കൊണ്ട് അവർ ഇതും ഇതിൽ പരവും ചെയ്യുമായിരിക്കും. നമ്മുടെ നാട്ടിലെ തുണി കടകളിൽ സെയിൽസ് ഗേളുകൾക്ക് ഇരിക്കാനുള്ള സൗകര്യം കൊടുക്കണമെന്ന വിധി വന്നതോർമയുണ്ടോ? കാരണം അത് മനുഷ്യത്വം മുന്നിൽ കണ്ടും അവരുടെ അവകാശങ്ങൾ മുന്നിൽ കണ്ടും കോടതി എടുത്ത തീരുമാനമായത് കൊണ്ടാണ്. അല്ലാതെ സെയിൽസ് ഗേൾ ആയാൽ നിന്ന് തന്നെ പണി എടുക്കണം എന്ന് വാശി പിടിക്കുകയല്ല ചെയ്തത്. അത് മാത്രമേ ഇവിടെയും ആവശ്യപെടുന്നുള്ളു. രാവിലെ മുതൽ വൈകുന്നേരം വരെ അനങ്ങാതെ ഒരു ബോർഡ് പിടിച്ചു നിൽക്കുക എന്നത് ഒരു മനുഷ്യന് അത്രയും ബുദ്ധിമുട്ടുള്ള കാര്യമാണ്. അവിടെ അയാൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കുക എന്നത് മനുഷ്യത്വപരമായ ഒരു കാര്യമാണ്. കാരണം നമ്മൾ മനുഷ്യരാണ്…മറ്റൊരാളുടെ വേദന മനസ്സിലാക്കേണ്ട മനുഷ്യർ! )

shortlink

Related Articles

Post Your Comments

Related Articles


Back to top button