Latest NewsKeralaNews

പ്രശസ്ത സാമൂഹ്യ പ്രവർത്തക മേരി റോയ് അന്തരിച്ചു

കോട്ടയം: പ്രശസ്‌ത സാമൂഹിക പ്രവർത്തക മേരി റോയി (89) അന്തരിച്ചു. തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിൻതുടർച്ചാ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി വരെ ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തി സ്ത്രീക്കനുകൂലമായ വിധി സമ്പാദിച്ച പോരാളിയാണ് മേരി റോയ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്.

തിരുവിതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചാവകാശ നിയമത്തിനെതിരെ കേസ് നടക്കുന്നതിനിടയിൽ ഊട്ടിയിലെ വീട് അമ്മയും സഹോദരങ്ങളും ചേർന്ന് മേരിക്ക് 1966 ൽ ഇഷ്ടദാനമായി നൽകിയിരുന്നു. ആ വീട് വിറ്റ് 1967 ൽ കോട്ടയത്ത് കോർപ്പസ് ക്രിസ്റ്റി ഹൈസ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. ലാറി ബേക്കറിനായിരുന്നു സ്കൂളിന്റെ നിർമ്മാണ ചുമതല. കോർപ്പസ് ക്രിസ്റ്റി എന്നായിരുന്നു സ്കൂളിന്‍റെ ആദ്യ പേര്. ഇന്ന് പള്ളിക്കൂടം എന്ന പേരിൽ അറിയപ്പെടുന്ന സ്കൂളിന്റെ പ്രധാനാദ്ധ്യാപികയും മേരിതന്നെയാണ്.

1984 – കേരളത്തിൽ ക്രിസ്ത്യൻ സ്ത്രീകൾക്ക് പിൻതുടർച്ചാവകാശമില്ലാത്തതിനെ ചോദ്യം ചെയ്ത് ഒറ്റയ്ക്കാണ് മേരി റോയ് നിയമയുദ്ധം ആരംഭിച്ചത്. 1986 – വിൽപത്രം എഴുതി വെക്കാതെ മരിക്കുന്ന പിതാവിന്‍റെ സ്വത്തിൽ ആൺ മക്കൾക്കും പെൺമക്കൾക്കും തുല്യാവകാശമെന്നായിരുന്നു ആ കേസില്‍ സുപ്രീം കോടതിയുടെ ചരിത്ര വിധി. എന്നാൽ വിധി പ്രകാരം സ്വത്തവകാശം സ്ഥാപിച്ച് കിട്ടാൻ മേരി റോയ് വീണ്ടും നിയമപോരാട്ടം നടത്തി. ഒടുവിൽ, 2002ൽ മേരി റോയിയുടെ 70ആം വയസിലാണ് പൈതൃക സ്വത്തിന്‍റെ ആറിലൊന്ന് അവകാശം അംഗീകരിച്ചു കൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധി വന്നത്. എന്നാൽ, ഈ സ്വത്ത് മക്കൾ വേണ്ടെന്ന് പറഞ്ഞതോടെ തിരികെ സഹോദരന് തന്നെ മേരി നൽകി. സഹോദരനുമായുള്ള പിണക്കവും അവസാനിപ്പിച്ചു. ഈ പോരാട്ടം തന്നെയാണ് തന്‍റെ സ്വത്തെന്ന് മേരി റോയ് തെളിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button