പാലക്കാട്: ‘താലി എനിക്ക് ജീവനേക്കാൾ വലുതാണ്; അത് തന്നവനും!’ – ഹണിട്രാപ്പ് കേസിൽ അറസ്റ്റിലായ വൈറൽ ദമ്പതികളിൽ ദേവുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണിത്. ഫീനിക്സ് കപ്പിൾസ് എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ദേവുവും ഗോകുലും വൈറലാവുകയായിരുന്നു. ഇവരുടെ റീൽസിന് നിരവധി കാഴ്ചക്കാരായിരുന്നു ഉണ്ടായിരുന്നത്. ആർഭാട ജീവിതത്തെത്തുടർന്ന് കടം കയറിയതോടെയാണ് ഇവർ ഒടുവിൽ പണത്തിനായി ഹണിട്രാപ്പിലേക്ക് തിരിഞ്ഞത്. ഇരയെ സുരക്ഷിത ഇടത്തേക്ക് എത്തിച്ചാല്‍ 40,000 രൂപ കമ്മീഷന്‍ കിട്ടുമെന്നാണ് ദമ്പതികൾ പൊലീസിനു നൽകിയ മൊഴി. ഇരുവരും ചേർന്ന് മുൻപ് മറ്റാരെയെങ്കിലും സമാന രീതിയിൽ ട്രാപ്പിൽ പെടുത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. ഇതിനായി ദമ്പതികളുടെ ‘ഫീനിക്സ് കപ്പിൾ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിക്കും. ‘ഫിൽട്ടറി’ലൂടെ ഗ്ലാമർ കൂട്ടിയാണ് ദേവു ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയത്.
ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്, വിനയ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. വ്യവസായിയില്‍ നിന്ന് ഹണിട്രാപ്പിലൂടെ സ്വര്‍ണ്ണവും പണവും വാഹനവും തട്ടിയെടുത്ത കേസിലാണ് ഇവരെ പാലക്കാട് പോലീസ് പിടികൂടിയത്. സംഘത്തെ നിയന്ത്രിച്ചതും പദ്ധതി ഒരുക്കിയതും ശരത് ആണ്. പണമുള്ളവരെയാണ് ഇവർ ലക്ഷ്യമിടുന്നത്. തുടര്‍ന്ന് ഇവരെ കെണിയിൽ വീഴ്ത്താൻ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കും. ഇതിന് വേണ്ടി പ്രത്യേക മൊബൈല്‍ ഫോണും, സിമ്മുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. അയക്കുന്ന മെസ്സേജുകൾക്ക് മറുപടി അയക്കുന്നവരെ അതിവിദഗ്ധമായി കെണിയിൽ വീഴ്ത്തും.
Also Read:ഓണം അഡ്വാന്‍സ് മൂന്നിന് മുന്‍പ് നൽകും: ബോണസിന് ശമ്പള പരിധി നിശ്ചയിച്ചു
വ്യവസായിക്ക് ദേവു മെസ്സേജ് അയച്ച് തുടങ്ങി. പതുക്കെ ഇയാളുടെ വിശ്വാസം ആര്‍ജ്ജിച്ച ദേവു, അദ്ദേഹത്തെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചു. കെണിയിൽ വീണെന്ന് മനസിലായതോടെ വ്യവസായിയെ ദേവു പാലക്കാടേക്ക് ക്ഷണിച്ചു. ദേവുവിന്റെ സൗന്ദര്യത്തിൽ വീണ ഇയാൾ പാലക്കാടെത്തി. വ്യവസായി വരുമെന്ന് ഉറപ്പാക്കിയതോടെ മുപ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കി പാലക്കാട് യാക്കരയിൽ വീട് വാടകയ്ക്ക് എടുത്തു. ചാറ്റ് ചെയ്യുമ്പോൾ പാലക്കാടാണ് വീടെന്ന് വ്യവസായിയോട് പറഞ്ഞിരുന്നു. അതിനാലാണ് ഓൺലൈനിലൂടെ ആൾതിരക്കൊഴിഞ്ഞ യാക്കരയിലെ വീട് വാടകയ്ക്ക് എടുത്തത്.
ഒലവക്കോട് എത്തിയ വ്യവസായിയെ വാടക വീട്ടിലേക്ക് ദേവു ക്ഷണിച്ചു. ഭർത്താവ് വിദേശത്താണെന്ന് ദേവു മുൻപ് തന്നെ ഇയാളോട് പറഞ്ഞിരുന്നു. അമ്മ ആശുപത്രിയിലാണെന്നും വീട്ടിൽ താൻ മാത്രമേ ഉള്ളൂ എന്നും ദേവു പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു വ്യവസായി യാക്കരയിൽ ഇവർ ഒരുക്കിയ കെണിയിലേക്ക് നടന്ന് കയറിയത്. ഇവിടെ എത്തിയ ഇയാളെ സംഘം സദാചാര പോലീസ് ചമഞ്ഞ് ആക്രമിക്കുകയായിരുന്നു.
വ്യവസായിയെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമത്തിനിടെ കാറിൽ നിന്നും അതിസാഹസികമായി പുറത്തേക്ക് ചാടിയ ഇദ്ദേഹം പാലക്കാട് സൗത്ത് പോലീസുമായി ബന്ധപ്പെട്ട് വിവരമറിയിക്കുകയായിരുന്നു. പ്രതികൾ ഇടയ്ക്ക് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വ്യവസായി വഴങ്ങിയില്ല. പിന്നാലെ പ്രതികളെ കാലടിയിലെ ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. വ്യവസായിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments