മലപ്പുറം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. തൃക്കളിയൂർ സ്വദേശിനി മന്യയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരന്‍ കൈതമണ്ണിൽ അശ്വിനെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. അശ്വിനെ കുടുക്കിയത് മന്യയുടെ ഫോണിലെ സന്ദേശങ്ങളും റെക്കോർഡ് ചെയ്ത സംഭാഷണങ്ങളുമായിരുന്നു.
കഴിഞ്ഞ ജൂൺ മാസത്തിലാണ് തൃക്കളിയൂർ സ്വദേശിനി മന്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തായിരുന്ന അശ്വിൻ ആണ് മന്യയെ പോയി നോക്കണമെന്ന് പറഞ്ഞ് വീട്ടുകാരെ വിളിച്ചത്. ഇതനുസരിച്ച് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ മന്യയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ കുടുംബം മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
അന്വേഷണത്തിൽ പ്രതിശ്രുത വരൻ മന്യയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തി. അശ്വിനും മന്യയും തമ്മിൽ പത്ത് വർഷത്തോളം നീണ്ട പ്രണയമായിരുന്നു ഉണ്ടായിരുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയമായിരുന്നു. തുടർന്ന്, 2021 സെപ്റ്റംബറിൽ വീട്ടുകാർ ഇവരുടെ വിവാഹനിശ്ചയവും നടത്തി. എന്നാൽ, ജോലിക്കായി വിദേശത്തേക്ക് പോയ അശ്വിൻ, പല കാരണങ്ങൾ പറഞ്ഞ് മന്യയുമായി ഫോണിൽ തർക്കിച്ച് തെറ്റിപ്പിരിയുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയുമായിരുന്നു.
ഇതിൽ മനംനൊന്താണ് മന്യ ആത്മഹത്യ ചെയ്തത്. വർഷങ്ങളോളം നീണ്ട പ്രണയത്തിനും വിവാഹ നിശ്ചയത്തിനുമൊടുവിൽ പെട്ടന്നൊരു ദിവസം അശ്വിൻ എല്ലാം അവസാനിപ്പിച്ചത് മന്യയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആത്മഹത്യയ്ക്ക് പിന്നാലെ മന്യയുടെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു. ശബ്ദ സംഭാഷണങ്ങളും ചാറ്റുകളും തെളിവായപ്പോൾ അശ്വിൻ കുടുങ്ങി.
Post Your Comments