മാവേലിക്കര: റോഡിലെ കുഴിയില്‍ വീണ കാര്‍ ചെളിവെള്ളം ഓട്ടോറിക്ഷയില്‍ തെറിപ്പിച്ച വിരോധത്തില്‍ ഗൃഹനാഥനെ തിരുവോണനാളില്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു കൊലപ്പെടുത്തി. കേസില്‍ 2 പേര്‍ക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും. ചാരുംമൂട് താമരക്കുളം കാഞ്ഞിത്തറ തെക്കേതില്‍ സെനില്‍രാജ് (സെനില്‍-37), അനില്‍ ഭവനം അനില്‍ (കിണ്ടന്‍-40) എന്നിവര്‍ക്കാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി.ശ്രീദേവി ശിക്ഷ വിധിച്ചത്. താമരക്കുളം വൈശാഖ് വീട്ടില്‍ വേണുഗോപാലിനെ (51) കൊലപ്പെടുത്തിയ കേസിലാണു വിധി.
2007 ഓഗസ്റ്റ് 27നു രാത്രി 9.30നു ബൈക്കില്‍ വീട്ടിലേക്കു പോകുകയായിരുന്ന വേണുഗോപാലിനെ താമരക്കുളം ജംക്ഷനു സമീപം വച്ചു പ്രതികള്‍ തടഞ്ഞു നിര്‍ത്തി ഇരുമ്പുവടികൊണ്ട് ആക്രമിച്ചു. വേണുഗോപാലിനെ പൊക്കിയെടുത്തു സമീപത്തെ കടയുടെ ഷട്ടറിലേക്ക് വലിച്ചെറിയുകയും ചെയ്തു. പരുക്കേറ്റ വേണുഗോപാല്‍ ബൈക്കെടുത്ത് കുടുംബ വീട്ടിലേക്കു പോകവേ പ്രതികള്‍ പിന്തുടര്‍ന്നു താമരക്കുളം ചാവടി ജംക്ഷനു സമീപത്തു വച്ചു വീണ്ടും ആക്രമിക്കുകയും വാച്ചും പണവും അപഹരിക്കുകയും ചെയ്തതായാണു പ്രോസിക്യൂഷന്‍ കേസ്. പരുക്കേറ്റ വേണുഗോപാല്‍ ചികിത്സയിലിരിക്കെ 2007 ഓഗസ്റ്റ് 29നു രാവിലെയാണു മരിച്ചത്.
കൊലപാതകത്തിനു 2 മാസം മുന്‍പു വേണുഗോപാല്‍ സഞ്ചരിച്ചിരുന്ന കാര്‍ ചാവടി ജംക്ഷനു സമീപത്തുവച്ച് സെനില്‍ രാജിന്റെമേല്‍ ചെളി തെറിപ്പിച്ചതു സംബന്ധിച്ച വിരോധത്തിലാണു ആക്രമിച്ചതാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
Post Your Comments