റായ്പൂർ: ഝാര്‍ഖണ്ഡിലെ ഭരണകക്ഷി എം.എല്‍.എമാരെ ചത്തീസ്ഗഡിലേക്ക് കടത്തി. ബി.ജെ.പിയുടെ റാഞ്ചൽ ഭീഷണി ഭയന്നാണ് നീക്കം. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൃത്യമായ പദ്ധതി തയ്യാറാക്കി എം.എൽ.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് കടത്തിയത്. ഹേമന്തിന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അയോഗ്യതാ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് എം.എൽ.എ മാരെ മാറ്റിയത്.
റായ്പൂരിലെ മേയ് ഫ്‌ലവര്‍ റിസോര്‍ട്ടിലാണ് നിലവിൽ ഭരണകക്ഷി എം.എല്‍.എമാർ ഉള്ളത്. 81 അംഗ നിയമസഭയിൽ ഭരണസഖ്യത്തിന് 49 എം.എൽ.എമാരാണുള്ളത്. ഇതിൽ 43 പേരെയാണ് നിലവിൽ മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെയാണ് എം.എല്‍.എമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍നിന്ന് രണ്ട് ബസുകളിലായി റാഞ്ചി വിമാനത്താവളത്തിലെത്തി, ഇവര്‍ക്കുവേണ്ടി ചാര്‍ട്ട് ചെയ്ത വിമാനം വഴി റായ്പൂരിൽ എത്തിയത്.
ഇത് ആശ്ചര്യപ്പെടുത്തുന്ന ഒരു നീക്കമല്ലെന്നാണ് ഹേമന്ത് പറയുന്നത്. രാഷ്ട്രീയത്തിൽ ഇത് സംഭവിക്കുന്ന കാര്യമാണെന്നും, ഏത് സാഹചര്യവും നേരിടാൻ തങ്ങൾ തയ്യാറാണെന്നും ഹേമന്ത് സോറൻ വ്യക്തമാക്കി.
മഹാരാഷ്ട്രയിലേതിന് സമാനമായി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിൽ തങ്ങളിൽ നിന്നും കോൺഗ്രസിൽ നിന്നുമുള്ള എംഎൽഎമാരെ വേട്ടയാടാൻ ബി.ജെ.പി ഗൌരവതരമായ ശ്രമം നടത്തിയേക്കാമെന്നും നിയമസഭാംഗങ്ങളെ സുരക്ഷിതമായി വളയേണ്ടതുണ്ടെന്നും സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) വിശ്വസിക്കുന്നു. ശനിയാഴ്ച ഹേമന്ത് സോറന്റെ നേതൃത്വത്തില്‍ 43 എം.എല്‍.എമാര്‍ ഖുംടി ജില്ല സന്ദര്‍ശിച്ചിരുന്നു. ഇത് നിരവധി അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. ഹേമന്ത് സോറന്റെ അയോഗ്യത ബി.ജെ.പി മുതലെടുത്ത് നിലവിലെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നാണ് മുക്തി മോര്‍ച്ച കരുതുന്നത്.
Post Your Comments