തിരുവനന്തപുരം: എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പിയുടെയും കോളേജുകളിൽ അരാജകത്വമാണെന്ന് വെള്ളാപ്പള്ളി നടേശൻ. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തി കൊണ്ടുള്ള ജെൻഡർ ന്യൂട്രാലിറ്റിയോട് എസ്.എൻ.ഡി.പിക്ക് താല്പര്യമില്ലെന്നും, അത് ഇന്ത്യൻ സംസ്കാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജെൻഡർ ന്യൂട്രാലിറ്റി വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ക്രിസ്ത്യൻ കോളേജുകൾ ഉണ്ടിവിടെ. മുസ്ലിം കോളേജുകൾ ഉണ്ട്. അവിടെ ഒന്നും ചെന്നാൽ, ആണും പെണ്ണും കെട്ടിപ്പിടിച്ച് നടക്കുന്നതും, ബെഞ്ചിലും ഡെസ്കിലും ഉറങ്ങുന്നതും ഇരിക്കുന്നതും ഒന്നും കാണാൻ സാധിക്കില്ല. പക്ഷെ, എൻ.എസ്.എസിന്റെയോ എസ്.എൻ.ഡി.പിയുടെയോ കോളേജിനകത്ത് ചെന്നാൽ അവിടെയെല്ലാം ഇന്ന് വളരെ അരാജകത്വമാണ് കാണാൻ സാധിക്കുന്നത്. പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിൽ തലവെച്ചുകൊണ്ട് കിടക്കുന്നു. ആൺകുട്ടി തിരിച്ച് ചെയ്യുന്നു. അവർ കെട്ടിപ്പിടിച്ച് കൊണ്ട് ഗ്രൗണ്ടിലൂടെ നടക്കുന്നു. ഇത് രക്ഷാകർത്താക്കളെ സംബന്ധിച്ച് എത്രത്തോളം വിഷമം ഉണ്ടാക്കുന്നു എന്ന് നാം മനസിലാക്കണം.
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നത് വേണ്ട എന്ന നിലപാടാണ് എസ്.എൻ.ഡി.പിക്കുള്ളത്. നമുക്കൊരു സംസ്കാരമുണ്ട്, ഭാരത സംസ്കാരം. നമ്മൾ അമേരിക്കയിലും ഇംഗ്ലണ്ടിലും അല്ല താമസിക്കുന്നത്. ഈ ഭാരതത്തിലെ സംസ്കാരം എന്ന് പറഞ്ഞാൽ, ആണും പെണ്ണും ഒരുമിച്ചിരുന്ന്, കെട്ടിപ്പിടിച്ചിരിക്കുന്ന ഒരു സംസ്കാരമല്ല. യു.ജി.സിയുടെ ലിസ്റ്റിൽ എന്തുകൊണ്ട് ഒരൊറ്റ ഹിന്ദു കൊളേജുകൾക്ക് പോലും ഗ്രാൻഡ് കിട്ടുന്നില്ല? കുട്ടികൾക്ക് എ ഗ്രേഡ് കിട്ടിയിരുന്നു?’, വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Post Your Comments