Latest NewsIndia

സൊനാലി ഫോഗാട്ടിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, കത്തയച്ച് മുഖ്യമന്ത്രി

ഗോവ: ഹരിയാന ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗാട്ടിന്റെ മരണത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഗട്ടാർ ഗോവ സർക്കാരിന് കത്തയച്ചു. സൊനാലിയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യാൻ ആവശ്യപ്പെടും. സൊനാലിയുടെ കുടുംബത്തിന്റെ ആവശ്യം അനുസരിച്ചാണ് കത്തയച്ചത്.

സൊനാലി ഫോഗട്ടിന്റെ മരണത്തിലെ അന്വേഷണം സംബന്ധിച്ച് പ്രാഥമിക വിശദീകരണവുമായി ഗോവ പൊലീസ് മേധാവി രംഗത്തുവന്നിരുന്നു. 23-ാം തിയതി ഗോവ റെസ്‌റ്റോറന്റില്‍ വച്ച് സൊനാലി ഫോഗട്ടിന് കുറ്റാരോപിതര്‍ മെത്താംഫീറ്റാമിന്‍ എന്ന മയക്കുമരുന്ന് നല്‍കിയതായി ഗോവ പൊലീസ് അറിയിച്ചു. പൊലീസ് കുറ്റവാളികളെന്ന് കണ്ടെത്തിയ സുധീര്‍ സാങ്‌വാന്‍, സുഖ്‌വിന്ദര്‍ വാസി എന്നിവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചതായി പൊലീസ് അറിയിച്ചു.

മയക്കുമരുന്ന് കലര്‍ന്ന പാനീയം പ്രതികള്‍ സൊനാലിയെ നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. രണ്ട് തവണയിലേറെ ഇത്തരം പാനീയം സൊനാലി കുടിച്ചിട്ടുണ്ട്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് പ്രതികള്‍ സൊനാലിക്ക് മയക്കുമരുന്ന് നല്‍കിയതെന്നും പൊലീസ് പറഞ്ഞു. ക്ലബിലെ ബാത്ത്‌റൂമില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സൊനാലി ഫോഗട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായികള്‍ തന്നെയാണ് അറസ്റ്റിലായത്.

സൊനാലിക്കൊപ്പം ഓഗസ്റ്റ് 22ന് ഗോവയിലെത്തിയ പേഴ്‌സണല്‍ അസിസ്റ്റന്റ് സുധീര്‍ സാങ്‌വാന്‍, അയാളുടെ സുഹൃത്ത് സുഖ്‌വിന്ദര്‍ വാസി എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരേ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.ഗോവയില്‍ ഒരു സംഘം ആളുകളോടൊപ്പം പോയതായിരുന്നു 42 കാരിയായ സൊനാലി ഫോഗട്ട്.

എന്നാല്‍ ഇടയ്ക്ക് വച്ച് ഹൃദയാഘാതം സംഭവിച്ചുവെന്നും ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നുമാണ് പൊലീസ് പറഞ്ഞത്. പക്ഷേ ഈ മൊഴി വിശ്വാസത്തിലെടുക്കാനാകില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. പ്രതികൾ യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങൾ ചിത്രീകരിച്ചതായും ബ്ലാക്‌മെയിൽ ചെയ്തിട്ടുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button