Latest NewsKeralaNews

‘ഇനി ഇതാവർത്തിച്ചാൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ല’: ആർ.എസ്.എസിനോട് ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ആർ.എസ്.എസിനെതിരെ രൂക്ഷ വിമർശനവുമായി ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ആർ.എസ്.എസ് തുടര്‍ച്ചയായ അക്രമങ്ങളിലൂടെ അത്യന്തം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും, നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.

‘പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്കു നേരെ കായികാക്രമണം നടത്തിയും പുരോഗമന പ്രസ്ഥാനങ്ങളുടെ ഓഫീസിനും നേതാക്കളുടെ വീടിന് നേരെയും അക്രമം അഴിച്ചു വിട്ടും നാടിന്റെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. ഇനിയും അക്രമം ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരും. സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിനെതിരെ നടന്ന അതിക്രമത്തിന്റെ തുടര്‍ച്ചയായിട്ടാണ് ആനാവൂര്‍ നാഗപ്പന്റെ വീടിന് നേര്‍ക്കും ആക്രമണം നടത്തിയത്. ഇത് അതീവ ഗൗരവമുള്ള വിഷയമാണ്. ജില്ലയിലെ മതനിരപേക്ഷ-ജനാധിപത്യ വിശ്വാസികളുടെ മുഴുവന്‍ സമാദരണീയനായ നേതാവാണ് ആനാവൂര്‍ നാഗപ്പന്‍. വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ജനനേതാവാണ് അദ്ദേഹം’, ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം രാത്രിയാണ് ആനാവൂരിന്റെ വീടിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സംഭവ സമയം ആനാവൂര്‍ നാഗപ്പന്‍ വീട്ടിലുണ്ടായിരുന്നില്ല. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ നെയ്യാറ്റിന്‍കരയിലെ വീടിന് നേരെ കല്ലേറുണ്ടായത്. വീടിന് മുന്നിലെ മുറിയുടെ ജനല്‍ ചില്ലുകളാണ് തകര്‍ന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button