ന്യൂഡൽഹി: ഗുലാം നബി ആസാദ് ജമ്മു കശ്മീരിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അമിൻ ഭട്ട്. ഗുലാം നബി കോൺഗ്രസിലെ തന്റെ സ്ഥാനം രാജിവച്ചതിന് പിന്നാലെയായിരുന്നു അമിൻ ഭട്ടിന്റെ പ്രഖ്യാപനം. മുൻ എംഎൽഎ അമിൻ ഭട്ട് ശനിയാഴ്ച ആസാദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങൾ മുന്നോട്ടുള്ള വഴി ചർച്ച ചെയ്യുമെന്ന് പറഞ്ഞ ഭട്ട്, തങ്ങൾ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ബി ടീമല്ല എന്നും വ്യക്തമാക്കി.
ഗാന്ധിമാരെയും സംഘടനാ നേതൃത്വത്തെയും രൂക്ഷമായി വിമർശിച്ച ശേഷമായിരുന്നു മുതിർന്ന രാഷ്ട്രീയ പ്രവർത്തകൻ ഗുലാം നബി ആസാദ് വെള്ളിയാഴ്ച പാർട്ടിയിൽ നിന്ന് രാജിവച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്ത കത്തിൽ, മുതിർന്ന നേതാക്കളെ മാറ്റിനിർത്തുന്നതും അനുഭവപരിചയമില്ലാത്ത കൂട്ടാളികളുടെ വർദ്ധിച്ചുവരുന്ന സ്വാധീനവുമാണ് പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നതിന് കാരണമായി ആസാദ് ചൂണ്ടിക്കാട്ടുന്നത്.
കോൺഗ്രസിന്റെ രാഷ്ട്രീയ സ്വാധീനം കുറയുന്നതിനും തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനും രാഹുൽ ഗാന്ധിയുടെ പക്വതയില്ലായ്മയെയും അദ്ദേഹം കുറ്റപ്പെടുത്തി. ജമ്മു കശ്മീരിൽ ഉടൻ സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന് രാജിക്ക് ശേഷം അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിൽ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments