മലപ്പുറം: മലപ്പുറത്ത് പതിമൂന്നുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവ്. തിരുവനന്തപുരം ബാലരാമപുരം കാട്ടുകുളത്തിന്‍കര ജോസ് പ്രകാശിനാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2016-ലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയുടെ ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്നും പ്രാര്‍ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞാണ് പാസ്റ്റര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടി പലതവണ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് വിവരം. എന്നാൽ ഇതിനുപുറമെ ഇതേകുട്ടിയുടെ സഹോദരനെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ക്ക് അഞ്ചു വര്‍ഷം തടവും മഞ്ചേരി പ്രത്യേക കോടതി വിധിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ നടന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് പാസ്റ്റര്‍ എത്തിയത്. കണ്‍വെന്‍ഷനുശേഷം കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഇവിടെവച്ച് പരിചയപ്പെട്ട രണ്ടു കുട്ടികളുടെ ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്നും അത് പ്രാര്‍ഥിച്ച് മാറ്റിത്തരാം എന്നുമാണ് പാസ്റ്റര്‍ തെറ്റിദ്ധരിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. 2016 ഫെബ്രുവരി 17, 18 തീയതികളിലായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്.
തുടന്ന് മാര്‍ച്ച് എട്ടിന് ബാലികയുടെ ബന്ധുവിന്റെ വീട്ടില്‍ കൊണ്ടു പോയും പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കുട്ടിയുടെ മാതാവും കുട്ടിയും ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം വനിതാ പോലീസ് കേസെടുക്കുന്നത്. 2016 മാര്‍ച്ച് 22ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments