ഇന്ത്യൻ സൈനിക പോസ്റ്റ് ആക്രമിക്കുന്നതിനായി പാകിസ്ഥാൻ കേണൽ പ്രതിഫലം നല്കിയിരുന്നുവെന്ന് കശ്മീരിലെ ഇന്ത്യൻ ആർമിയുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭീകരൻ തബാറക് ഹുസൈൻ. കഴിഞ്ഞ ആറ് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പാക് സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഹുസൈൻ അതിർത്തിക്കപ്പുറത്ത് നിന്ന് ഈ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലാകുന്നത്. തന്നെ പാക് സൈന്യത്തിലെ ഒരു കേണൽ ചാവേർ ദൗത്യത്തിന് അയച്ചതായി ഹുസൈൻ വെളിപ്പെടുത്തി. വാർത്താ ഏജൻസിയായ ANI ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തനിക്കൊപ്പം നാല് പേർ ഉണ്ടായിരുന്നുവെന്നും, ഇന്ത്യൻ സൈന്യത്തെ ലക്ഷ്യം വയ്ക്കാൻ പാകിസ്ഥാൻ കേണൽ യൂനസ് 30,000 രൂപ നൽകിയെന്നും ഇയാൾ പറയുന്നു. ഇന്ത്യൻ സൈനിക പോസ്റ്റുകൾ ആക്രമിക്കാൻ പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം കേണൽ യൂനസ് ചൗധരിയാണ് തന്നെ ചുമതലപ്പെടുത്തിയതെന്ന ഇയാളുടെ വെളിപ്പെടുത്തലിന് പിന്നാലെ അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത നൽകി.
ഇന്ത്യൻ ആർമി പോസ്റ്റുകൾ ആക്രമിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഭീകരൻ സമ്മതിച്ചതായി നൗഷേര ബ്രിഗേഡ് കമാൻഡർ ബ്രിഗേഡിയർ കപിൽ റാണ അറിയിച്ചു. പാക് അധീന കശ്മീരിലെ കോട്‌ലി ജില്ലയിലെ സബ്‌സ്‌കോട്ട് ഗ്രാമത്തിൽ ആയിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഇന്ത്യൻ പോസ്റ്റിന് സമീപം വന്ന് വേലി മുറിക്കാൻ ശ്രമിച്ചപ്പോഴാണ് ഇയാളെ ഇന്ത്യൻ ആർമി പിടികൂടിയത്. ഇയാൾക്ക് നേരെ ഇന്ത്യൻ ആർമി വെടിയുതിർത്തിരുന്നു. ചോര വാർന്നൊഴുകിയ ഹുസൈന് മൂന്ന് കുപ്പി രക്തം നൽകിയത് ഇന്ത്യൻ സൈനികരാണ്. ഇയാൾക്ക് അടിയന്തര വൈദ്യസഹായം നൽകുകയും ജീവൻരക്ഷാ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
Post Your Comments