അമൃത്സർ: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച വാഹനവ്യൂഹം വഴിയിൽ കുടുങ്ങിയ സംഭവം പഞ്ചാബ് പൊലീസിന്റെ വീഴ്ചയാണെന്ന് സുപ്രീം കോടതി. മുൻ സുപ്രീം കോടതി ജഡ്ജി ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ക്രമസമാധാന ചുമതല നിർവഹിക്കുന്നതിൽ ഫിറോസ്പൂർ എസ്എസ്പി ഗുരുതര അലംഭാവം കാണിച്ചുവെന്നും ചുമതലകൾ കൃത്യമായി നിർവഹിച്ചില്ലെന്നും റിപ്പോർട്ട് പറയുന്നു.
പ്രധാനമന്ത്രിയുടെ സുരക്ഷക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. പ്രധാനമന്ത്രിയുടെ യാത്രാപഥത്തെക്കുറിച്ച് പോലീസിന് കൃത്യമായ ധാരണ ഉണ്ടായിരുന്നു. എന്നാൽ സുരക്ഷ ശക്തമാക്കുന്നതിന് വേണ്ടുന്ന നടപടികൾ എടുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ടിന്റെ പകർപ്പ് പഞ്ചാബ് സർക്കാരിന് കൈമാറും. പഞ്ചാബ് സർക്കാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. എന്നാൽ കേന്ദ്രം നടപടിയെടുക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജനുവരി 5 ന് പ്രധാനമന്ത്രി മോദിയുടെ സുരക്ഷാ വാഹനം അപകടകരമായ സാഹചര്യത്തിൽ നിർത്തേണ്ടി വന്നപ്പോൾ അന്നത്തെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തിനെതിരെ പ്രധാനമന്ത്രിയുടെ സുരക്ഷാ ലംഘനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ചില പ്രതിഷേധക്കാരുടെ ഉപരോധത്തെത്തുടർന്ന് ഹുസൈനിവാലയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഒരു ഫ്ലൈ ഓവറിൽ 20 മിനിറ്റോളം അദ്ദേഹം കുടുങ്ങുകയായിരുന്നു. അതേസമയം, സുരക്ഷാ വീഴ്ചയ്ക്ക് പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെ കേന്ദ്ര സർക്കാരും ബിജെപിയും കുറ്റപ്പെടുത്തി.
എന്നാൽ അവസാന നിമിഷം പ്രധാനമന്ത്രി തന്റെ റൂട്ടിൽ മാറ്റം വരുത്തിയെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. സുരക്ഷാ വീഴ്ചയെ തുടർന്ന്, താൻ പങ്കെടുക്കാനിരുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാതെയാണ് പ്രധാനമന്ത്രി മടങ്ങിയത്. ഫിറോസ്പൂർ-മോഗ റോഡിൽ പിര്യാന ഗ്രാമത്തിന് സമീപമുള്ള മേൽപ്പാലത്തിൽ ആയിരുന്നു കുടുങ്ങിയത്.
വാഹനവ്യൂഹം എത്തുന്നതിന് മുൻപോ, അതിന് ശേഷമോ പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് മാറ്റാനുള്ള നടപടികൾ സ്വീകരിക്കാൻ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസുകാർ തയ്യാറായിരുന്നില്ല. തുടർന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഞ്ചംഗ സമിതിയെ നിയോഗിക്കുകയായിരുന്നു.
Post Your Comments