
ചെന്നൈ: തമിഴ് സിനിമ സംവിധായകൻ ഭാരതിരാജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുദിവസമായി ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിട്ട അദ്ദേഹം ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ചൊവ്വാഴ്ചയാണ് ടി നഗറിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിർജലീകരണവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും കുറച്ചുദിവസംകൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
നിരവധി ആരാധകരും സിനിമാ മേഖലയിലെ പ്രമുഖരും അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയട്ടെ എന്ന് ആശംസകൾ അറിയിച്ചു. കഴിഞ്ഞ ആഴ്ച മധുരയിലായിരുന്ന ഭാരതി രാജക്ക് അവിടെ വെച്ച് ശാരീരികമായ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വിമാനത്താവളത്തിൽവെച്ച് ബോധരഹിതനായി വീഴുകയും ചെയ്തു. തുടർന്ന് ചെന്നൈയിൽ തിരിച്ചെത്തിയ അദ്ദേഹം ചെന്നൈ നീലങ്കരയിലെ വസതിയിൽ വിശ്രമവും മരുന്നുകളുമായി കഴിഞ്ഞു വരികയായിരുന്നു.
ആരോഗ്യനില നിരീക്ഷിച്ച ശേഷം മെച്ചപ്പെട്ട ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ നിർദേശിച്ചു. പനി, നിർജ്ജലീകരണം, ദഹനപ്രശ്‌നങ്ങൾ എന്നിവയാലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് മാധ്യമ റിപ്പോർട്ട്. നിലവിൽ ഒരു സംഘം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. ഭാരതിരാജയുടെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
Post Your Comments