അഞ്ജു പാർവതി പ്രഭീഷ്
ഒരർത്ഥത്തിൽ അക്ഷയ ഷാജിയെന്ന പെൺകുട്ടി രക്ഷപ്പെട്ടുവെന്നു വേണം കരുതാൻ.! അല്ലെങ്കിൽ ഗോവയിൽ തൂങ്ങി നിന്നാടിയ മറ്റൊരു അഞ്ജനാ ഹരീഷായി അവൾ ചുവരിലെ ഓർമ്മച്ചിത്രമായി മാറിയേനേ! ഓർമ്മയുണ്ടോ അഞ്ജനാ ഹരീഷിനെ.? ചീത്ത കൂട്ടുക്കെട്ടുകൾ നല്കിയ ലഹരിയുടെ പകർന്നാട്ടത്തിനിടയ്ക്ക് അഞ്ജന ചിന്നു സുൽഫിക്കറായി മാറുന്നു. അഞ്ജനയുടെ രൂപാന്തരങ്ങളിലും സ്വഭാവ പരിണാമത്തിലും ചിക്കിച്ചികഞ്ഞപ്പോൾ നിലവിലെ സാമൂഹ്യവ്യവസ്ഥയിൽ സ്വൂഡോ- ഫെമിനോ- ലിബറലുകൾ കം പോമോ അമാനവ ടീമുകൾ വരുത്തിവെക്കുന്ന അപഭ്രംശങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നതിനാൽ അവളുടെ ദുരൂഹമരണത്തെ എഴുതി തള്ളാനാണ് പ്രബുദ്ധ കേരളം ശ്രമിച്ചത്.
ഇവിടെ ദാ ഇങ്ങനെയാണ്!
കൗമാരപ്രായത്തിലെത്തിയ ഒരു പെൺകുട്ടി അമിതമായി ലഹരി ഉപയോഗിക്കുന്നത് സ്വാതന്ത്ര്യം, പുരോഗമനം, നവോത്ഥാനം!!
കൗമാര – യൗവ്വനങ്ങളിലെ പെൺകുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് സെക്ഷ്വൽ ലിബറേഷൻ!!
നിലാ നടത്തമെന്ന ഓമനപ്പേരുകളിൽ നടത്തുന്ന സാഹിത്യ ക്യാമ്പുകളിൽ ലിംഗവിശപ്പ് മാറാത്ത പടുകിഴവന്മാർ ലൈംഗികപീഡനം നടത്തിയാൽ അത് പൊറുക്കൽ നീതി! !
പലപ്പോഴും ഗുൽമോഹർ ചോട്ടിൽ മൊട്ടിടുന്ന നവോത്ഥാനം മുൻകരുതലുകൾ പിഴച്ച് പൂവും കായുമൊക്കെയായി തീരുമ്പോൾ, അത് വീടും നാടും അറിയുമ്പോൾ ലിവിംഗ് ടുഗെദർ എന്ന ഓമനപ്പേരിട്ട് അങ്ങ് റെഗുലറൈസ് ചെയ്യും.! ലൈംഗികസ്വാതന്ത്ര്യം അവനവൻ്റെ അവകാശമാണെന്ന പ്രോത്സാഹനം കൊടുക്കൽ ഒരു തരം കൂട്ടിക്കൊടുക്കലാണെന്നും അത് ലഹരി മാഫിയയിലേയ്ക്കുളള ഒന്നാം തരം ചൂണ്ടുപലകയാണെന്നും അറിയാമെങ്കിലും അത് ചൂണ്ടിക്കാട്ടുന്നവർക്ക് കേശവൻ മാമ്മൻ സിൻഡ്രോം കൊടുത്തു കഴിഞ്ഞാൽ എല്ലാം എളുപ്പമായല്ലോ!
അതു മാത്രമോ? വഴി തെറ്റിപ്പോകുന്ന മക്കളെ നേരെയാക്കാൻ അച്ഛനമ്മമാർ ശ്രമിച്ചാൽ അത് അനാർക്കി! കുലസ്ത്രി കം കുല പുരുഷൻ ടാഗ് ലൈൻ !
ലഹരിക്കടിമപ്പെട്ട മക്കളെ ഡി -അഡിക്ഷൻ സെന്ററിൽ കൊണ്ടുപോകാൻ ശ്രമിച്ചാൽ അത് അമാനവികത!
തോന്നിയപ്പടി നടക്കാൻ വിടാതെ ചൊല്ലുവിളിക്ക് വളർത്തിയാൽ അത് പാട്രിയാർക്കി!! കേശവൻ മാമൻ സിൻഡ്രോം കം എൺപതുകളുടെ വസന്തം !!
ഇവിടുത്തെ ഈ പ്രത്യേകതര സ്വാതന്ത്ര്യ പുരോഗമന നവോത്ഥാനത്തിൽ ഒരു പെൺകുട്ടിക്ക് അമിതമായി ലഹരി നല്കപ്പെടാനും ലൈംഗികമായി പീഡിക്കപ്പെടാനും എന്തിന് കൊല്ലപ്പെടാനും അവകാശമുണ്ട്.! അങ്ങനെ നോക്കുമ്പോൾ അക്ഷയ എന്ന പെൺകുട്ടി രക്ഷപ്പെട്ടുവെന്നു വേണം കരുതാൻ. നിയമം അനുശാസിക്കുന്ന ശിക്ഷ ലഹരിയുടെ അടിമയായി, ഒരു ചതിയൻ്റെ സെഷ്യൽ ഹരാസ്സ്മെൻ്റിന് അടിമയായി ജീവിതകാലം മുഴുവൻ ശിക്ഷ അനുഭവിക്കുന്നതിനേക്കാൾ നല്ലത് തന്നെയാണ്. വേലി ചാടുന്ന പശുവിന് കോല് കൊണ്ട് മരണം, നീന്തലറിഞ്ഞുകൂടാത്ത മാടിനെ വെള്ളം കൊണ്ടു പോകും ‘തുടങ്ങിയ പഴംചൊല്ലുകളിൽ ഈ കേസ് പുതഞ്ഞുപോകരുത്. അഞ്ജനയുടെ മരണം പോലെ!!
ഇത് വേണ്ടരീതിയിൽ തന്നെ അന്വേഷിക്കണം. ഒരു സാധാരണ പെൺകുട്ടി ഒരു ലഹരി മാഫിയയുടെ കൈയ്യിലെ കളിപ്പാവയായി മാറിയതെങ്ങിനെയെന്നറിയണം.!!ഇനിയും ഈ നാട്ടിൽ പെൺകുട്ടികൾക്ക് ജീവിക്കാനുള്ളതാണ്.!
Post Your Comments