ബെംഗളൂരു: പീഡനക്കേസിൽ വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ല വാറന്റ്. ബെംഗളൂരു രാമനഗര സെഷൻസ് കോടതിയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. കോടതി ഒരുപാട് സമൻസുകൾ പുറപ്പെടുവിച്ചിട്ടും നിത്യാനന്ദ ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റ്. തെന്നിന്ത്യൻ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് മുൻ ഡ്രൈവർ ലെനിൻ കറുപ്പൻ 2010 മാർച്ചിൽ സൺ ടിവിയിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന് തുടർന്ന് പൊലീസ് നിത്യാനന്ദയ്ക്കെതിരെ കേസെടുക്കുകയായിരുന്നു.
നേരത്തെ ഈ കേസിൽ അറസ്റ്റിലായിരുന്ന നിത്യാനന്ദയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. പിന്നീട് കാലാവധി തീർന്ന പാസ്പോർട്ട് ഉപയോഗിച്ച് നേപ്പാളിലേക്ക് കടന്നു, അവിടുന്ന് ഇക്വഡോറിലേക്കും കടക്കുകയായിരുന്നു. 2018 മുതൽ നിത്യനന്ദ വിചാരണയിൽനിന്നു വിട്ടുനിൽക്കുന്നതിനാൽ 2020ൽ ഇയാളുടെ ജാമ്യം റദ്ദാക്കി. യുഎസിൽ നിന്നുള്ള ഇന്ത്യൻ വംശജയെ 5 വർഷം ബിഡദി ആശ്രമത്തിൽ പാർപ്പിച്ചു പീഡിപ്പിച്ചുവെന്ന കേസും നിത്യനന്ദയ്ക്കെതിരെയുണ്ട്. ഈ കേസിൽ കർണാടക പൊലീസിന്റെ സിഐഡി വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.
ഗുജറാത്തിൽ നിന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന കേസും ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ട്. ഈ കേസിൽ ഇന്റർപോൾ നിത്യാനന്ദയ്ക്കെതിരെ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നിത്യാനന്ദ ഇപ്പോൾ എവിടെയാണെന്നതിനെക്കുറിച്ച് ആർക്കും അറിവില്ല. ‘കൈലാസം’ എന്ന പേരിൽ ഒരു രാജ്യം സൃഷ്ടിച്ച് സ്വന്തമായി പാസ്‌പോർട്ടും കറൻസിയുമുണ്ടാക്കി ജീവിക്കുകയാണെന്നാണ് വിവരം. നിത്യാനന്ദയെ കണ്ടെത്താൻ ഇന്റർപോൾ ശ്രമിച്ചിട്ടും കണ്ടെത്താനായിട്ടില്ല.
നേരത്തെ, നിത്യാനന്ദ മരണപ്പെട്ടുവെന്ന തരത്തിൽ തമിഴ് മാധ്യമങ്ങളും റിപ്പോർട്ടുകൾ നൽകിയിരുന്നു. എന്നാൽ, പ്രചാരണങ്ങൾ വ്യാജമാണെന്നും നിത്യാനന്ദ സമാധിയിൽ ആണെന്നും ഉണർന്ന് കഴിഞ്ഞാൽ തിരിച്ചുവരുമെന്നും ഇയാളുടെ ഫേസ്‌ബുക്ക് പേജിലൂടെ അനുയായികൾ വ്യക്തമാക്കിയിരുന്നു. ആഴ്ചകളായി നിത്യാനന്ദയുടെ വീഡിയോകൾ ഒന്നും വരാതെ ആയതോടെയാണ് ഇയാൾ മരിച്ചെന്ന ആരോപണം ശക്തമായത്. എന്നാൽ ഈ ആരോപണങ്ങൾക്കെല്ലാം അവസാനം കുറിച്ചുകൊണ്ടായിരുന്നു വീഡിയോയിലൂടെ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.
വീഡിയോയിൽ ഹിന്ദുവിരോധികളാണ് തന്നെ കൊല്ലാൻ ശ്രമിക്കുന്നതെന്ന് പറഞ്ഞ നിത്യാനന്ദ, അതുെകാണ്ടാണ് താൻ കൈലാസത്തിലേക്ക് മാറിയതെന്നും പറഞ്ഞു. ഇനി അവരെന്നെ കൊന്നാലും ഞാൻ ഈ ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരത്തിലേക്ക് മാറി തിരിച്ചുവരുമെന്നും നിത്യാനന്ദ പറഞ്ഞു. പഴയ പോലെ തന്നെ തുടരുമെന്നും ഇനിയും 200 വർഷം കൂടി ജീവിക്കുമെന്നും നിത്യാനന്ദ അവകാശപ്പെട്ടു.
Post Your Comments