KeralaLatest News

‘ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിക്കുന്നത്’ ഉദ്ഘാടന വേദിയിൽ പൃഥ്വിരാജ്

തിരുവനന്തപരം: കിഴക്കേക്കോട്ട കാൽനട മേൽപ്പാലം ഉദ്ഘാടന വേദിയിൽ തിരുവനന്തപുരത്തെക്കുറിച്ചുള്ള പഴയ ഓർമകൾ വീണ്ടെടുത്ത് നടൻ പൃഥ്വിരാജ്. താൻ കോളേജിൽ പഠിക്കുന്ന സമയത്ത് പലതവണ ബൈക്കിൽ സ്പീഡിൽ പോയതിന് പൊലീസ് നിർത്തിച്ചിട്ടുണ്ട്. ആ വഴിയിൽ ഒരു പൊതുചടങ്ങിന്റെ ഭാഗമായതിൽ സന്തോഷമെന്ന് പറഞ്ഞ താരം, ന​ഗരസഭയുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആശംസകളും നേർന്നു.

‘ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് എന്റെ ഒരു സിനിമ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്നത്. യാദൃശ്ചികവശാൽ ആ സമയം തന്നെ ഇതുപോലൊരു പൊതുപരിപാടി ഷെഡ്യൂൾ ചെയ്യപ്പെടാനും അതിൽ ക്ഷണം ലഭിക്കാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാൻ. എല്ലാവരും, പ്രത്യേകിച്ച് സിനിമ താരങ്ങൾ ജനിച്ച നാട്ടിൽ പോകുമ്പോൾ പറയുന്ന സ്ഥിരം ഡയലോഗാണ് ജനിച്ച നാട്ടിൽ വരുമ്പോളുള്ള സന്തോഷം എന്ന്. ഒരുപാട് വലിയ വ്യക്തിത്വങ്ങളുടെ നാടാണിത്. അവരുടെ സ്മരണയിൽ ഇതുപോലൊരു പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ ഒരുക്കിയ ഈ ഐഡിയേഷൻ ടീമിനാണ് ആദ്യമേ ഞാൻ അഭിനന്ദനം അറിയിക്കുന്നത്.

ഞാൻ തിരുവനന്തപുരത്ത് ജനിച്ച് വളർന്ന് സിനിമ കൊച്ചിയിൽ സജീവമായപ്പോൾ അങ്ങോട്ട് താമസം മാറിയ ആളാണ്. പക്ഷെ ഇന്നും തിരുവനന്തപുരത്ത് വരുമ്പോൾ ആണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നൽ ഉണ്ടാകുന്നത്. സത്യത്തിൽ എന്റെ മലയാളം ഇങ്ങനെയല്ല. ഇപ്പോൾ കുറച്ച് ആലങ്കാരികമായി സംസാരിക്കുന്നു എന്ന് മാത്രം. കാപ്പ എന്ന സിനിമയിൽ എന്റെ ഭാഷയിൽ ഞാൻ സംസാരിക്കുന്നുണ്ട്. പിന്നെ ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചു.’

‘ഇതിൽ യഥാർത്ഥത്തിലുള്ള സന്തോഷം എന്താണെന്ന് അറിയാമോ, ഞാനൊക്കെ കോളേജിൽ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയിൽ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പൊലീസ് ചെക്കിങ്. ഞങ്ങളൊക്കെ ബൈക്കിൽ സ്പീഡിൽ പോയതിന് പല തവണ നിർത്തിച്ചിട്ടുണ്ട്. ആ വഴിയിൽ ഒരു പൊതുചടങ്ങിൽ ഇത്രയും നാട്ടുകാരുടെ സന്തോഷത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സത്യത്തിൽ ഒരു പ്രത്യേക സന്തോഷം തന്നെയുണ്ട്. ഞാൻ ജനിച്ച നാട്ടിൽ ഇത്തരമൊരു പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ വരുന്നതിൽ സന്തോഷം. ഇത്തരം പദ്ധതികൾ ആര്യക്കും ആര്യയുടെ ടീമിനും നടത്താൻ സാധിക്കട്ടെ’ പൃഥ്വിരാജ് ആശംസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button