ബെംഗളുരു: ജോലി തേടിയെത്തിയ യുവതിയെ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട സാമൂഹിക പ്രവർത്തക ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. നവ ഭാരത് എന്ന സന്നദ്ധ സംഘടനയുടെ മേധാവിയായ രാജാജി നഗർ സ്വദേശി കെ ലക്ഷ്മി എന്ന മഞ്ജുള (36), ലോഡ്ജ് ഉടമ സന്തോഷ് കുമാർ (45), കോളാർ സ്വദേശി ബ്രഹ്‌മേന്ദ്ര രാവൺ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംളുരുവിലെ ശേഷാദ്രിപുരത്തുള്ള ലോഡ്ജിലാണ് 25-കാരിയായ യുവതിയെ അടച്ചിട്ട് കൂട്ടബലാൽസംഗത്തിന് വിധേയമാക്കിയത്.
ഒരു ജോലി തേടിയാണ് ഗ്രാമത്തിൽനിന്നും യുവതി ബംഗളുരു നഗരത്തിന്റെ പ്രാന്തപ്രദേശത്ത് എത്തിയത്. ഏറെ അന്വേഷണങ്ങൾക്കു ശേഷം അവർ സ്ത്രീകളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന നവഭാരത് എന്ന സന്നദ്ധ സംഘടനയിലേക്ക് എത്തുകയായിരുന്നു. മഞ്ജുവായിരുന്നു ആ സംഘടനയുടെ മേധാവി. ജോലി സംഘടിപ്പിക്കാമെന്ന് ഉറപ്പു നൽകിയ മഞ്ജുള, കർണാടകത്തിലെ വിദൂര ഗ്രാമത്തിൽനിന്നു വന്ന യുവതിയെ സമീപത്തുള്ള ഒരു ലോഡ്ജിലേക്ക് മാറ്റി.നരകജീവിതത്തിന്റെ തുടക്കമായിരുന്നു അതെന്നാണ് ആ യുവതി പിന്നീട് പൊലീസിനോട് പറഞ്ഞത്.
ലോഡ്ജിൽ സൗജന്യമായിരുന്നു താമസം. താമസം തുടങ്ങിയ ആദ്യ രാത്രി മുതൽ അജ്ഞാതരായ ആളുകളാൽ ബലാൽസംഗം ചെയ്യപ്പെട്ടു. നിരവധി പേർ വന്നുപോവുന്ന ആ ലോഡ്ജിൽ നിരന്തര പീഡനമാണ് സഹിക്കേണ്ടിവന്നത്. ആ മുറിയിൽനിന്നും പുറത്തുപോവാൻ അനുവാദമുണ്ടായിരുന്നില്ല. മുറിയിൽ അടച്ചുപൂട്ടിയ ശേഷം പീഡനമായിരുന്നു. അതിനുശേഷം സ്ത്രീകൾക്കു വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ മേധാവിയായ സ്ത്രീ ലോഡ്ജിൽ എത്തി. വേശ്യാവൃത്തി ചെയ്യാൻ അവർ നിർബന്ധിച്ചു.
വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തി. അതിനു ശേഷവും ലോഡ്ജിൽവെച്ച് നിരവധി പുരുഷൻമാരാൽ കൂട്ടബലാൽസംഗം ചെയ്യപ്പെട്ടു. യാദൃശ്ചികമായി ഒരു കൂട്ടുകാരിയെ ഫോൺവഴി ബന്ധപ്പെടാൻ അവസരം കിട്ടിയതോടെയാണ് രക്ഷപ്പെടാനുള്ള അവസരമുണ്ടായത്. ആ കൂട്ടുകാരി പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ആ ലോഡ്ജ് റെയ്ഡ് ചെയ്തു. മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്ന സ്ത്രീയെ പൊലീസ് രക്ഷപ്പെടുത്തി.
തുടർന്ന്, സന്നദ്ധ സംഘടനാ മേധാവിയായ സ്ത്രീയും ലോഡ്ജ് ഉടമയും അവിടുത്തെ മാനേജരും അറസ്റ്റിലായി. യുവതിയെ ബലാൽസംഗം ചെയ്തവർക്കു വേണ്ടി അന്വേഷണം നടത്തുകയാണെന്നും എല്ലാവരെയും പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
Post Your Comments