റിസർവ് ബാങ്കിന്റെ ശിക്ഷ നടപടികളിൽ നിന്ന് മോചനം നേടി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ ശിക്ഷ നടപടിയായ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷനിൽ (പിസിഎ) നിന്നാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മോചനം ലഭിച്ചത്. കിട്ടാക്കട നിരക്ക് കുതിച്ചുയർന്നതോടെയാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ പിസിഎയ്ക്ക് വിധേയമായത്. 2017 ലാണ് ആർബിഐ സെൻട്രൽ ബാങ്കിനെതിരെ പിസിഎ നടപടി സ്വീകരിച്ചത്. നിലവിൽ, പിസിഎയിലുള്ള ഏക പൊതുമേഖല ബാങ്കും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയാണ്.
കഴിഞ്ഞ പാദത്തിൽ ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി കുറഞ്ഞിട്ടുണ്ട്. 15.92 ശതമാനത്തിൽ നിന്ന് 14.9 ശതമാനമായാണ് മൊത്ത നിഷ്ക്രിയ ആസ്തി ചുരുങ്ങിയത്. അതേസമയം, അറ്റ നിഷ്ക്രിയ ആസ്തി 5.09 ശതമാനത്തിൽ നിന്ന് 3.93 ശതമാനമായി കുറഞ്ഞു. ഇത്തവണ 235 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മൊത്ത നിഷ്ക്രിയ ആസ്തിയിലും അറ്റ നിഷ്ക്രിയ ആസ്തിയിലും അറ്റാദായത്തിലും മാറ്റങ്ങൾ കൈവരിച്ചതോടെയാണ് പിസിഎയിൽ നിന്നും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ പുറത്തുകടന്നത്.
കിട്ടാക്കടം നിയന്ത്രണ വിധേയമാകാതിരിക്കുകയും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താതിരിക്കുകയും ചെയ്യുന്ന ബാങ്കുകൾക്കെതിരെ റിസർവ് ബാങ്ക് സ്വീകരിക്കുന്ന നടപടിയാണ് പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ. പിസിഎയിൽ ഉൾപ്പെട്ട ബാങ്കുകൾക്ക് വായ്പ വിതരണം, പുതിയ ശാഖ തുറക്കൽ തുടങ്ങിയവയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകും.
Post Your Comments