ഗുരുവായൂര്‍: സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.കെ അക്ബര്‍ എം.എല്‍.എ. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം സന്ദര്‍ശിക്കാനെത്തിയ സുരേഷ് ഗോപിയുടെ സംവാദവും പ്രതികരണവും തരംതാണു പോയെന്നും, ബി.ജെ.പി നേതാവിന്റെ ഇത്തരം പരാമര്‍ശങ്ങളില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്നും അക്ബർ പറഞ്ഞു. മേല്‍പ്പാലത്തിന്റെ നിര്‍മാണം വേഗത്തില്‍ നടക്കുകയാണെന്നും എന്‍ കെ അക്ബര്‍ പ്രതികരിച്ചു
‘എല്ലാ മാസവും കൃത്യമായി അവലോകനം യോഗങ്ങള്‍ ചേരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പണികള്‍ ക്രമീകരിക്കുന്നത്. ഇതിനിടെയിലാണ് മുന്‍ എം പി എല്ലാ തടസങ്ങളും നീക്കുമെന്നും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും പറഞ്ഞത്. എന്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്. റെയില്‍വേ മേല്‍പ്പാലം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് പൂര്‍ത്തീകരിച്ച് കൊണ്ടിരിക്കുന്നത്. 22 കോടി രൂപ ചെലവഴിച്ച് കൊണ്ട് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ വളരെ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മറിച്ചുള്ള കപടപ്രചാരണങ്ങള്‍ ജനം വിശ്വാസത്തിലെടുക്കരുത്. കേന്ദ്രത്തില്‍ ബി.ജെ.പി രണ്ടാമത് അധികാരത്തില്‍ വന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരില്‍ വന്നു പത്രസമ്മേളനം നടത്തി വാഗ്ദാനങ്ങള്‍ നിരത്തി പോയി എന്നല്ലാതെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോട് കൂടിയുള്ള പരിമിത പദ്ധതികളല്ലാതെ ഒരു പുതിയ പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല’, അക്ബർ പറഞ്ഞു.
യാത്ര ചെയ്ത് ഗുരുവായൂരിലേക്ക് എത്തിയാല്‍ പടുകുഴിയില്‍പെട്ടതുപോലെയാണെന്നും, മേല്‍പ്പാലത്തിനടുത്ത് സര്‍വീസ് റോഡ് അപകടപാതയാണെന്നും കഴിഞ്ഞ ദിവസം ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം സന്ദര്‍ശിക്കാനെത്തിയപ്പോൾ സുരേഷ് ഗോപി ചൂണ്ടിക്കാട്ടിയിരുന്നു. കരാറുകാരും നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നവരും എവിടെനിന്നാണ് എന്‍ജിനീയറിങ് പഠിച്ചതെന്നും അദ്ദേഹം വിമർശിച്ചിരുന്നു. മേല്‍പ്പാലം പണികള്‍ പുരോഗമിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ അത് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നു.
Post Your Comments