News

തെറ്റില്ലാതെ ഇംഗ്ലീഷില്‍ കത്തെഴുതാന്‍ പോലും അറിവില്ലാത്ത വി.സിമാര്‍ ഉള്ള നാടാണ് കേരളം: കുമ്മനം രാജശേഖരന്‍

യോഗ്യതയില്ലാത്തവരെ പ്രൊഫസര്‍മാരും വൈസ് ചാന്‍സലര്‍മാരുമൊക്കെ ആക്കാന്‍ ഒരു മടിയുമില്ലെന്നത് മുഖ്യമന്ത്രിയുടെ ധിക്കാരം

തിരുവനന്തപുരം: സര്‍വകലാശാലകളെ പിണറായി സര്‍ക്കാര്‍ ആജ്ഞാനുവര്‍ത്തികളുടെ കാലിത്തൊഴുത്താക്കി മാറ്റിയിരിക്കുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. യോഗ്യതയില്ലാത്തവരെ പ്രൊഫസര്‍മാരും വൈസ് ചാന്‍സലര്‍മാരുമൊക്കെ ആക്കാന്‍ ഒരു മടിയുമില്ലെന്ന മുഖ്യമന്ത്രിയുടെ ധിക്കാരം കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തേടുന്ന യുവതലമുറയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റില്ലാത ഇംഗ്ലീഷില്‍ ചാന്‍സലര്‍ക്ക് കത്തെഴുതാന്‍ പോലും അറിവില്ലാത്ത വൈസ് ചാന്‍സലര്‍ ഉള്ള ഈ സംസ്ഥാനത്ത്, അയോഗ്യരായവരുടെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ നിലപാട് എടുത്ത ഗവര്‍ണറെ പൊതുമധ്യത്തില്‍ അധിക്ഷേപിക്കുവാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം.

Read Also: നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍ നിന്ന് മനപൂര്‍വ്വം ഒഴിവാക്കുന്നു: പരാതിയുമായി കോൺഗ്രസ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം..

‘കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല എത്ര മാത്രം അധ:പ്പതിച്ചുവെന്നറിയാന്‍ ഇവിടെ നിന്ന് ഉന്നത വിദ്യാഭ്യാസം തേടി പുറത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ കണക്കെടുത്താല്‍ മാത്രം മതി. സര്‍വകലാശാലകളെ പിണറായി സര്‍ക്കാര്‍ ആജ്ഞാനുവര്‍ത്തികളുടെ കാലിത്തൊഴുത്താക്കി മാറ്റിയിരിക്കുകയാണ്. യോഗ്യതയില്ലാത്തവരെ പ്രൊഫസര്‍മാരും വൈസ് ചാന്‍സലര്‍മാരുമൊക്കെ ആക്കാന്‍ ഒരു മടിയുമില്ലെന്ന മുഖ്യമന്ത്രിയുടെ ധിക്കാരം കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തേടുന്ന യുവതലമുറയോടുള്ള വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ ചാന്‍സലര്‍ കൂടിയായ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൈക്കൊണ്ട നിലപാട് ശ്ലാഘനീയമാണെന്ന് മാത്രമല്ല, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്’.

‘തെറ്റില്ലാത്ത ഇംഗ്ലീഷില്‍ ചാന്‍സലര്‍ക്ക് കത്തെഴുതാന്‍ പോലും അറിവില്ലാത്ത വൈസ് ചാന്‍സലര്‍ ഉള്ള ഈ സംസ്ഥാനത്ത്, അയോഗ്യരായവരുടെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ നിലപാട് എടുത്ത ഗവര്‍ണറെ പൊതുമധ്യത്തില്‍ അധിക്ഷേപിക്കുവാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. നേരത്തെ കണ്ണൂരില്‍ നടന്ന സര്‍വകലാശാലാ ചടങ്ങില്‍ തന്റെ നേര്‍ക്ക് ഉണ്ടായ അക്രമ സംഭവത്തെപ്പറ്റി, ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് നല്‍കാന്‍ കൂട്ടാക്കാഞ്ഞ വി.സിയെ ഗവര്‍ണര്‍ വിമര്‍ശിച്ചപ്പോള്‍ വി.സിക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്’.

‘വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചയാള്‍ക്കെതിരെ കാപ്പ ചുമത്താന്‍ മടിക്കാത്ത സര്‍ക്കാരാണ്, സംസ്ഥാന സര്‍ക്കാര്‍ തലവനെതിരെ കായിക അതിക്രമത്തിന് ഒരുമ്പെട്ടവര്‍ക്ക് സംരക്ഷണം ഒരുക്കുന്നത്. അന്ന് ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു കൊണ്ട് മാത്രമാണ് ശാരീരികാക്രമണത്തില്‍ നിന്ന് ഗവര്‍ണര്‍ രക്ഷപ്പെട്ടതെന്ന യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുമ്പോള്‍, ഇത്രയും ഗൗരവമുള്ള വിഷയത്തില്‍ പോലും നാലാം കിട രാഷ്ട്രീയത്തിലൂടെ അണികളുടെ കൈയടിക്കു ശ്രമിക്കുകയാണ് ഇ.പി.ജയരാജനും കൂട്ടരും’.

‘ഉന്നത വിദ്യാഭ്യാസ രംഗത്തെ ശുദ്ധീകരിക്കാന്‍ ഗവര്‍ണര്‍ നടത്തുന്ന ശ്രമങ്ങള്‍ കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ അന്തസ് ഉയര്‍ത്താനുള്ളതാണെന്ന് തിരിച്ചറിയണം. സര്‍വകലാശാലയില്‍ രാഷ്ട്രീയക്കാരെ മാത്രം കുത്തി നിറയ്ക്കുന്നവരെ തിരിച്ചറിഞ്ഞു പ്രതികരിച്ചില്ലെങ്കില്‍ നഷ്ടം നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്കാണ്’.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button