കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുന്നറിയിപ്പുമായി സിപിഎം. ജനങ്ങളെ അണിനിരത്തി പ്രക്ഷോഭമുണ്ടാക്കി പുറത്താക്കേണ്ട അവസ്ഥ ഗവര്‍ണര്‍ ഉണ്ടാക്കരുതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു.
ചാന്‍സലര്‍ പദവിയില്‍ ഇനി ഗവര്‍ണര്‍ക്ക് തുടരാന്‍ അര്‍ഹതയില്ലെന്നും ഗവര്‍ണര്‍ സര്‍വകലാശാല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും എം.വി.ജയരാജന്‍ ആരോപിച്ചു. വി.സി ക്രിമിനല്‍ ആണെന്ന് ഗവര്‍ണര്‍ പറയുന്നു. ഓടു പൊളിച്ചല്ല വൈസ് ചാന്‍സലര്‍ യൂണിവേഴ്‌സിറ്റിയില്‍ വന്നതെന്നും എം.വി.ജയരാജന്‍ പറഞ്ഞു. പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവര്‍ണറെ ചോദ്യം ചെയ്ത് വിസി കോടതിയില്‍ പോകേണ്ടതില്ല. രണ്ടാം സ്ഥാനക്കാരന്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയില്‍ വിസി നിലപാട് അറിയിച്ചാല്‍ മതിയെന്നും എം.വി.ജയരാജന്‍ വ്യക്തമാക്കി.
അതേസമയം, കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ മാസം 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് നടപടി. പ്രിയ വര്‍ഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് സ്‌കറിയ കോടതിയെ സമീപിച്ചത്. അനധികൃതമായി നിയമനം നേടിയതാണെന്നും അസോസിയേറ്റ് പ്രൊഫസര്‍ നിയമനപട്ടികയില്‍ നിന്നും പ്രിയ വര്‍ഗീസിനെ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജി ഓഗസ്റ്റ് 31ന് വീണ്ടും പരിശോധിക്കും. അതുവരെയാണ് പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് സ്റ്റേ അനുവദിച്ചിരിക്കുന്നത്.
Post Your Comments