
ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് യുദ്ധം പരിഹാരമല്ലെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. ഇന്ത്യയുമായി സുസ്ഥിരവും സമാധാനപരവുമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ യുദ്ധമല്ല, മറിച്ച് ചർച്ചകളാണ് പരിഹാര മാർഗമെന്ന് അദ്ദേഹം പറഞ്ഞു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ സമാധാനം കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ടതാണെന്നും ഷരീഫ് കൂട്ടിച്ചേര്‍ത്തു.
‘മേഖലയില്‍ സമാധാനപരമായ ബന്ധം ഉണ്ടാകണമെന്നാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നത്. യു.എന്‍ പ്രമേയങ്ങളനുസരിച്ച് സുസ്ഥിരമായ സമാധാനം കശ്മീര്‍ പ്രശ്‌ന പരിഹാരത്തിലൂടെ മാത്രമാണ് കൈവരിക്കാന്‍ കഴിയുക. ഇന്ത്യയുമായി സുസ്ഥിരവും സമാധാനപരവുമായ ബന്ധമാണ് വേണ്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് യുദ്ധം പരിഹാര മാര്‍ഗമല്ല. ചർച്ചയാണ് വേണ്ടത്’, ഷഹ്ബാസ് ഷെരീഫ് പറഞ്ഞു.
പരമ്പരാഗതമായി പാകിസ്ഥാൻ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അദ്ദേഹം വിദ്യാര്‍ത്ഥികളോട് സംവദിച്ചു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് കാരണം ഘടനാപരമായ പ്രശ്‌നങ്ങളും രാഷ്ട്രീയമായ അസ്ഥിരതകളുമാണെന്ന് ഷഹ്ബാസ് ഷെരീഫ് പറഞ്ഞു. പാകിസ്ഥാന്‍ രൂപം കൊണ്ട ശേഷമുള്ള ആദ്യ ദശകങ്ങളിലെ കാര്യം പരിശോധിച്ചാല്‍ സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ രാജ്യം മുന്നോട്ട് കുതിച്ചിരുന്നുവെന്നും അത് കൃത്യമായി ആസൂത്രണം ചെയ്തതിന്റെ ഫലമായിട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായല്ല, ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് ഷെരീഫ് പറയുന്നത്. തങ്ങൾക്ക് ഇന്ത്യയുമായി സമാധാന ബന്ധമാണ് വേണ്ടതെന്നും, കശ്മീർ പ്രശ്നം പരിഹരിക്കാതെ അത് സാധ്യമാകില്ലെന്നും ഷെരീഫ് മുൻപ് പറഞ്ഞിരുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലൂടെ ജനങ്ങൾക്ക് ആശ്വാസം നൽകാൻ താൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Post Your Comments