മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഏറ്റവും അടുത്ത സഹായിയായി അറിയപ്പെടുന്ന അലക്‌സാണ്ടർ ഡുഗിന്റെ മകൾ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഡാരിയ ഡുഗിനെ കൊലപ്പെടുത്തിയ സ്‌ഫോടനം അവളുടെ പിതാവിനെ ലക്ഷ്യമിട്ടായിരുന്നുവെന്ന ആരോപണവും ശക്തമാകുന്നു. ‘റാസ്‌പുടിൻ’ എന്നും ‘പുടിന്റെ തലച്ചോറ്’ എന്നും അറിയപ്പെടുന്ന അലക്‌സാണ്ടർ ഡുഗിന്റെ മകളുടെ മരണത്തിന്റെ ഞെട്ടലിലാണ് റഷ്യ.
ഉക്രൈൻ യുദ്ധത്തിന്റെ സൂത്രധാരനാണ് ഡുഗിൻ. പുടിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ഡുഗിനെ ഉന്നം വച്ച ബോംബ് കൊണ്ടത് മകൾക്ക്. അലക്‌സാണ്ടർ സഞ്ചരിക്കേണ്ടിയിരുന്ന കാറാണ് ബോംബാക്രമണത്തിൽ തകർന്നത്. ഡാരിയ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ശനിയാഴ്ച വൈകിട്ട് ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഇരുവരും എത്തിയിരുന്നു. ഒരു കാറിൽ തിരിച്ച് പോകാനായിരുന്നു ഡുഗിനും ഡാരിയയും തീരുമാനിച്ചിരുന്നത്. എന്നാൽ, അവസാന നിമിഷം ഡുഗിൻ തീരുമാനം മാറ്റുകയായിരുന്നു. മകൾ മാത്രമാണ് കാറിൽ സഞ്ചരിച്ചത്. ഈ കാർ ആണ് പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. മോസ്കോയുടെ പ്രാന്തപ്രദേശത്ത് ഡാരിയ ഡുഗിൻ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ തീപിടിച്ചതായി വീഡിയോയിൽ കാണാം. അവളുടെ പിതാവ് തീപിടിച്ച കാറിലേക്ക് ഭയത്തോടെ നോക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റുമായി അടുപ്പമുള്ള ഒരു പ്രമുഖ അൾട്രാ-നാഷണലിസ്റ്റ് സൈദ്ധാന്തികനാണ് മിസ്റ്റർ ഡുഗിൻ. അറുപതുകാരനായ അലക്‌സാണ്ടർ ഡുഗിൻ ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ സൂത്രധാരനാണെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ മകൾ, ഒരു എഴുത്തുകാരിയാണ്. തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന ആളാണ് മകൾ. ഈ വർഷം ജൂലൈയിൽ യു.കെ ഉപരോധ പട്ടികയിൽ ഡാരിയയും ഉൾപ്പെട്ടിരുന്നു.
Post Your Comments