ബീജിംഗ്: ചൈന വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് സൂചന നല്‍കി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍. ഉത്പാദന രംഗത്തും ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റുമതി രംഗത്തും മാന്ദ്യം തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് കമ്പനികള്‍ക്കെതിരെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിലപാട് കടുപ്പിച്ചത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Read Also: താലിബാൻ അറിയാതെ രഹസ്യ ക്ലാസുകളിൽ പങ്കെടുത്ത് പെൺകുട്ടികൾ
ചൈനീസ് വാണിജ്യ രംഗത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന മേഖലയാണ് സ്മാര്‍ട്ട് ഫോണ്‍ വ്യവസായം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ചൈനീസ് മൊബൈല്‍ കമ്പനികള്‍ക്കെതിരെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ, ഈ മേഖല വന്‍ പ്രതിസന്ധിയിലാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചൈനീസ് മൊബൈല്‍ ഭീമനായ ഷവോമി മൂന്ന് ശതമാനം തൊഴിലാളികളെ ഒറ്റയടിക്ക് പിരിച്ചു വിട്ടിരിക്കുകയാണ്. സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ കണക്കുകള്‍ പ്രകാരം, ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനി നേരിടുന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തില്‍ 83 ശതമാനം ഇടിവാണ് ഷവോമിക്ക് മാത്രം സംഭവിച്ചിരിക്കുന്നത്. മറ്റ് മൊബൈല്‍ കമ്പനികളും സമാനമായതോ ഇതിനേക്കാള്‍ മോശമോ ആയ അവസ്ഥയിലാണ്. ചൈനീസ് കമ്പനികളുടെ പ്രധാന വിപണിയായിരുന്ന ഇന്ത്യയില്‍ നിന്നും നേരിട്ട വന്‍ തിരിച്ചടിയാണ് ഇതിന് പ്രധാന കാരണം എന്നാണ് റിപ്പോര്‍ട്ട്.
ഷവോമിക്ക് പുറമേ ഒപ്പോ, വിവോ എന്നീ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ക്കുമെതിരെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടീസുകള്‍ അയച്ചിരിക്കുകയാണ്. തെറ്റായ വിവരങ്ങള്‍ നല്‍കി കസ്റ്റംസ് തീരുവയില്‍ വെട്ടിപ്പ് നടത്തിയതിന് റെവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ഒപ്പോയ്ക്ക് 4,389 കോടി രൂപയുടെ നോട്ടീസാണ് അയച്ചിരിക്കുന്നത്. മറ്റ് കമ്പനികള്‍ക്കെതിരെയും ശക്തമായ നടപടിക്ക് തയ്യാറെടുക്കുകയാണ് ധനകാര്യ മന്ത്രാലയം എന്നതിന്റെ വ്യക്തമായ സൂചനകള്‍ കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ നല്‍കിയിരുന്നു.
Post Your Comments