75 വർഷങ്ങൾക്കു ശേഷം ഇന്ത്യയിൽ വിദ്വേഷവും അസഹിഷ്ണുതയും രാജ്യ പൊതുബോധത്തിൽ പിടിമുറുക്കുന്നുവെന്ന് പറഞ്ഞ ശശി തരൂരിന് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവനെ അടിച്ചമർത്തുക തന്നെ ചെയ്യുമെന്നും, അതിന് ഒരു വിശ്വപൗരൻമാരും മോങ്ങിയിട്ട് കാര്യമില്ലെന്നും ജിതിൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. രാജ്യത്ത് ഭൂരിപക്ഷ അസഹിഷ്ണുതയാണെന്ന് ശശി തരൂർ കഴിഞ്ഞ ദിവസമെഴുതിയ ലേഖനത്തിൽ അവകാശപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് ജിതിൻ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ശശി തരൂരിന്റെ പ്രസ്താവന രാഷ്ട്രീയപരമായി ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുകയാണ്.
ശശി തരൂരിർ എന്ന വിശ്വപൗരനെ വഹർലാൽ നെഹ്റു എന്ന വിശ്വപൗരനുമായിട്ടാണ് ജിതിൻ താരതമ്യം ചെയ്യുന്നത്. അക്കാദമിക് രംഗത്തും, പാർലമെന്റിലും, ജനങ്ങളുമായുള്ള ഇടപെടലിലും, എഴുത്തുകാരൻ, പ്രഭാഷകൻ, ഡിപ്ലോമാറ്റ്, പല വിഷയത്തിലും ആഴത്തിൽ അറിവുണ്ടായിട്ടും, ഒരു എം.പി അല്ലെങ്കിൽ ഒരു കേന്ദ്ര സഹമന്ത്രി എന്നതിന് അപ്പുറത്തേക്ക് ശശി തരൂരിന് പോകാൻ സാധിക്കാത്തതിന്റെ കാരണവും ജിതിൻ വിശകലനം ചെയ്യുന്നു. വിശ്വപൗരൻ പട്ടം കാരണമാണ് അദ്ദേഹത്തിന് എം.പിക്ക് അപ്പുറത്തേക്ക് ഉയരാൻ കഴിയാത്തതെന്ന് ജിതിൻ നിരീക്ഷിക്കുന്നു. മലയാള മനോരമയിലെഴുതിയ ലേഖനത്തിലായിരുന്നു തരൂരിന്റെ ‘അസഹിഷ്ണുത’ പരാമർശം.
ജിതിൻ ജേക്കബിന്റെ പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ:
ജവഹർലാൽ നെഹ്റുവും ശശി തരൂരും
വിശ്വപൗരൻ എന്ന പട്ടം കാരണമാണ് അദ്ദേഹത്തിന് ഒരു എം.പി അല്ലെങ്കിൽ ഒരു കേന്ദ്ര സഹമന്ത്രി എന്നതിന് അപ്പുറം പോകാൻ കഴിയാതെ പോയത് എന്നാണ് എനിക്ക് തോന്നുന്നത്. ശശി തരൂർ ആദ്യമായി പാർലമെന്റിൽ എത്തിയപ്പോൾ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ആകും എന്ന് എല്ലാവരും കരുതി. കാരണം ഐക്യരാഷ്ട്ര സഭയിലൊക്കെ ഉന്നത പദവിയിലിരുന്ന ആളായിരുന്നല്ലോ. പക്ഷെ അദ്ദേഹത്തെ വിദേശകാര്യ സഹമന്ത്രി ആക്കുകയാണ് ചെയ്തത്.
ശശി തരൂരിന് മുമ്പ് ഇന്ത്യയിലുണ്ടായിരുന്ന വിശ്വപൗരൻ ജവാഹർലാൽ നെഹ്‌റു ആയിരുന്നു. അദ്ദേഹം രാഷ്ട്രത്തിന് നൽകിയ സേവനം ഇന്ത്യയുള്ള കാലത്തോളം മറക്കാൻ കഴിയില്ല. ഇന്ത്യയുടെ ഇന്നത്തെ ഈ കുതിപ്പിന് ശക്തമായ അടിത്തറ ഇട്ട ഭരണാധികാരി തന്നെയാണ് നെഹ്‌റു എന്ന് നിസംശയം പറയാം. പക്ഷെ അവിടെയും അദ്ദേഹത്തിന്റെ വിശ്വപൗരൻ കളിയാണ് രാഷ്ട്രം എന്ന നിലയിൽ ഇന്ത്യക്ക് ഒരിക്കലും തീരാത്ത നഷ്ട്ടങ്ങൾ ഉണ്ടാക്കിയത്. അടിച്ചമർത്തേണ്ടതിനെ അടിച്ചമർത്താതെയും, കണ്ണും പൂട്ടി ഓരോന്നും വിശ്വസിച്ചതിന്റെയും ഫലമാണ് കാശ്മീർ ഇന്ത്യയുടെ കയ്യിൽ നിന്ന് പോയതും, ചൈനയുടെ ആക്രമണവും. ഐക്യരാഷ്ട്രസഭയെ വിശ്വസിച്ച് വെടി നിർത്തിയപ്പോൾ കശ്മീർ പോയി. ഐക്യരാഷ്ട്ര സഭയിൽ സ്ഥിര അംഗത്വം കിട്ടാൻ ഇന്ത്യക്ക് കിട്ടുമായിരുന്നു എങ്കിലും അത് ആത്മസുഹൃത്ത് ചൈനയ്ക്ക് നൽകുകയായിരുന്നു നെഹ്‌റു ചെയ്തത്. അവസാനം ചൈന തനിക്കൊണം കാണിച്ചു. കാരണം ചൈനയ്ക്ക് ചൈനയുടെ താൽപ്പര്യങ്ങളാണ് വലുത്.
ഇന്ത്യയിൽ ഭൂരിപക്ഷ അസഹിഷ്ണുതയാണെന്ന തരൂരിന്റെ വാദവും സത്യവും
ഇന്ത്യയിൽ ഇപ്പോൾ ഭൂരിപക്ഷ അസഹിഷ്ണുതയാണ് എന്ന് ശശി തരൂർ തന്റെ പുതിയ ലേഖനത്തിൽ പറയുന്നു. അതിന് നിരത്തുന്ന ന്യായങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ബീഫ് നിരോധിച്ചു, ഹലാൽ ഇറച്ചിക്കടകൾ അടപ്പിക്കുകയും, നടത്തിപ്പുകാർ പീഡിപ്പിക്കപ്പെടുകയും ചെയ്തു, അധികാരപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിൽ ഒഴികെ നിസ്ക്കാരം തഴയപ്പെട്ടു, ഹിജാബ് ധരിക്കുന്നത് വിലക്കി അങ്ങനെ പോകുന്നു…
ഇന്ത്യയിൽ ഇപ്പോൾ ബീഫ് നിരോധനം ഉണ്ടോ?:- ഇല്ല എന്നതാണ് ഉത്തരം.
‘ഹലാൽ ഇറച്ചിക്കടകൾ അടപ്പിച്ചു, നടത്തുന്നവരെ പീഡിപ്പിച്ചു’:- ഹലാൽ ഭക്ഷണം കഴിക്കാൻ ഉള്ളത് പോലെ കഴിക്കാതിരിക്കാനുമുള്ള അവകാശം ഇന്ത്യാക്കാർക്കുണ്ട്.
‘അധികാരപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിൽ ഒഴികെ നിസ്ക്കാരം തഴയപ്പെട്ടു’:- സംഭവം മനസിലായോ, പള്ളിയിൽ നിസ്‌ക്കരിച്ചാൽ മതി, റോഡ് ഗതാഗതം തടസ്സപ്പെടുത്തി നിസ്‌ക്കരിക്കരുത് എന്ന് പറഞ്ഞു, അയിനാണ് !
‘ഹിജാബ് ധരിക്കുന്നത് വിലക്കി’? എവിടെ? സ്കൂളിൽ? എന്നിട്ട്, കോടതിയിൽ പോയി, കോടതി എന്ത് പറഞ്ഞു?
തരൂർജിക്ക് വിശ്വപൗരൻ ആകാൻ ഇതുപോലുള്ള കാര്യങ്ങളെ എല്ലാം പിന്തുണയ്ക്കണം. നാളെ മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയിൽ എല്ലാ വെള്ളിയാഴ്ചയും നിസ്കാരം നടത്തണം എന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ ആ ആവശ്യവും അംഗീകരിച്ചു കൊടുക്കണം എന്ന് പറഞ്ഞേക്കും, എങ്കിലല്ലേ വിശ്വപൗരൻ ആകാൻ കഴിയൂ. തരൂർജി വിശ്വപൗരനോ എന്തുമായിക്കൊള്ളൂ. പക്ഷെ ഈ സാധനം കൊണ്ട് കുറെ കവലപ്രസംഗം നടത്താം എന്നല്ലാതെ ഒരു ഗുണവുമില്ല എന്ന് മാത്രമല്ല, നാടിന് ഒരിക്കലും തിരിച്ചുപിടിക്കാൻ പോലും കഴിയാത്ത അത്ര ദോഷവും വരുത്തുകയും ചെയ്യും. ഭരണാധികാരികൾ ആൾക്കൂട്ടത്തിന് വേണ്ടിയല്ല തീരുമാനങ്ങൾ എടുക്കേണ്ടത്.
അടിച്ചമർത്തേണ്ടതിനെ അടിച്ചമർത്തുക തന്നെ വേണം. ഇന്ത്യക്കാർ അഭയാർത്ഥികൾ ആയാൽ ഒരു രാജ്യവും അവരുടെ അതിർത്തികൾ തുറന്നിടില്ല, ഒരു വിദേശിയും ഇന്ത്യക്കാർക്ക് വേണ്ടി പുളിച്ച സാഹിത്യവും കവിതയും രചിക്കില്ല. നരകിച്ച് ചാകേണ്ടിവരും. അത് ഉണ്ടാകാതിരിക്കാൻ അതിശക്തമായ നടപടികൾ എടുക്കുക തന്നെ വേണം. വിദേശ രാജ്യങ്ങൾ എന്ത് പറയുന്നു എന്ന് നോക്കിയിരുന്നു എങ്കിൽ ഇന്ന് ഇസ്രായേൽ ഈ ഭൂമുഖത്തെ കാണില്ലായിരുന്നു. ഇന്ത്യയ്ക്ക് ഇന്ത്യയുടെ താല്പര്യങ്ങളാണ് വലുത്, ഇന്ത്യൻ ജനതയുടെ സുരക്ഷയാണ് വലുത്. ഇവിടെ എല്ലാവര്ക്കും സമാധാനത്തോടെ ജീവിക്കാം.
കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവനെ അടിച്ചമർത്തുക തന്നെ ചെയ്യും. അതിന് ഒരു വിശ്വപൗരൻമാരും മോങ്ങിയിട്ട് കാര്യമില്ല. കോടിക്കണക്കിന് ഇന്ത്യക്കാരുടെ കണ്ണുനീർ കാണുന്നതിലും നല്ലതല്ലേ ഒന്നോ രണ്ടോ വിശ്വപൗരൻമാരുടെ മോങ്ങലുകൾ കാണാൻ.
ശശി തരൂർ നല്ല ഒരു വ്യക്തിയാണ്, ഉജ്ജ്വല പ്രതിഭയൊക്കെയാണ്, പക്ഷെ അദ്ദേഹം ഒരു ദീർഘവീക്ഷണം ഉള്ള നല്ല രാഷ്ട്രീയക്കാരാനോ, നേതാവോ അല്ല. അദ്ദേഹത്തിന് ഒരു രാഷ്ട്രത്തെ നയിക്കാനും കഴിയില്ല. അത് ആദ്യം മനസിലാക്കിയത് കോൺഗ്രസ് പാർട്ടി തന്നെയാണ് എന്നതാണ് അതിന്റെ ഒരു ഹൈലൈറ്റ്.
Post Your Comments