
പൂവാർ: വീടിന്റെ ടെറസിന് മുകളിൽ അവശനിലയിൽ കാണപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരംകുളം കാമരാജ് റോഡിൽ ജി.ജി ഭവനിൽ ഫിന്നിയുടെയും ഗീതുവിന്റെയും മകൻ ജിഫിൻ ഫിന്നി (16) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ടെറസിന് മുകളിലേയ്ക്ക് പ്രാവിന്റെ കൂട് അടയ്ക്കാൻ പോയ മകനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ച് പോയ അമ്മയാണ് മകൻ അവശനിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്, തിരുവനന്തപുരത്ത് മറ്റൊരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി1.40 ഓടെ മരിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂ എന്ന് കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഏക സഹോദരി ജിഫിന ഫിന്നി.
Post Your Comments