Latest NewsNewsInternational

ഇത് മറിയം 44 മക്കളുടെ അമ്മ, 13-ാം വയസ് മുതല്‍ തുടര്‍ച്ചയായി പ്രസവിച്ച 41കാരി

ഒരു സ്ത്രീയുടെ അണ്ഡോല്‍പാദന വേളയില്‍ സാധാരണഗതിയില്‍ ഒരു അണ്ഡം മാത്രമേ വിക്ഷേപിക്കപ്പെടുന്നുള്ളൂ... എന്നാല്‍, മറിയത്തിന് അവ രണ്ടും മൂന്നും നാലുമൊക്കെയാണ്

കാമ്പല: ഒന്നോ രണ്ടോ മക്കള്‍ ഉള്ള ആധുനിക അമ്മമാര്‍ക്ക് അവരെ വേണ്ടത്ര ശ്രദ്ധിക്കാനോ പരിപാലിക്കാനോ നേരം കിട്ടുന്നില്ല. രണ്ട് മക്കള്‍ എന്നത് അധികമായി കാണുന്ന ഇന്നത്തെ യുവതലമുറയ്ക്ക് അത്ഭുതമായി 44 കുട്ടികള്‍ ഉള്ള മറിയം എന്ന യുവതി. യുവതലമുറയ്ക്ക് മാത്രമല്ല, ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും ഇവര്‍ അത്ഭുതമായി മാറിയിരിക്കുകയാണ്. ഉഗാണ്ടക്കാരിയാണ് മറിയം നബതന്‍സി എന്ന 41കാരി.

Read Also: ഗവേഷക വിദ്യാര്‍ത്ഥി മരിച്ച നിലയില്‍: മൃതദേഹം ആവടി റെയില്‍പാളത്തില്‍ കണ്ടത്തി

13-ാം വയസ്സിലാണ് മറിയം നബാതന്‍സി ആദ്യമായി അമ്മയാകുന്നത്. ആദ്യ പ്രസവത്തില്‍ തന്നെ 3 കുഞ്ഞുങ്ങളായിരുന്നു. പിന്നീട് തുടര്‍ച്ചയായി പ്രസവം തന്നെയായിരുന്നു. 36 വയസ്സിനുള്ളില്‍ 15 തവണ അമ്മയായി. അതില്‍ അഞ്ച് തവണ നാല് വീതം കുഞ്ഞുങ്ങള്‍ക്കും അത്രയും തവണകളിലായി മൂന്ന് വീതം കുഞ്ഞുങ്ങള്‍ക്കും ജന്മം നല്‍കി. നാലുതവണ ഇരട്ട കുഞ്ഞുങ്ങളുണ്ടായി. ഒരു കുഞ്ഞു മാത്രമായി ജനിച്ചത് അവസാനത്തെ പ്രസവത്തില്‍. ഇപ്പോള്‍ പ്രായം 41. ഇതിനിടയില്‍ മുതിര്‍ന്ന മക്കളിലൂടെ പേരമക്കളും ജനിച്ചു തുടങ്ങി. ഈ ഉഗാണ്ടക്കാരിയെ ലോകം ഇന്ന് ‘മാമാ ഉഗാണ്ട’ എന്ന് വിളിക്കുന്നു.

ലോകത്തിലെ പ്രത്യുത്പാദന ശേഷി കൂടിയ വനിതകളിലൊരാളായാണ് ഇവര്‍ അറിയപ്പെടുന്നത്. ഒരു സ്ത്രീയുടെ അണ്ഡോല്‍പാദനവേളയില്‍ സാധാരണഗതിയില്‍ ഒരു അണ്ഡം മാത്രമേ വിക്ഷേപിക്കപ്പെടുന്നുള്ളൂ. എന്നാല്‍, മറിയത്തിന് അവ രണ്ടും മൂന്നും നാലുമൊക്കെയാണ്. ഒരു തവണ സന്താന നിയന്ത്രണത്തിനായി നടത്തിയ ശ്രമം തന്നെ ആറുമാസം ആശുപത്രിയില്‍ കിടത്തിയെന്നും പിന്നീടതിന് മുതിര്‍ന്നില്ലെന്നും അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നു.

ഇത്രയും കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും വളര്‍ത്തുന്നതും ഏറെ കഷ്ടതകള്‍ നിറഞ്ഞതാണെങ്കിലും ഇവരെല്ലാം ദൈവത്തിന്റെ വരദാനമായാണ് ഇവര്‍ കരുതുന്നത്. 44 മക്കളില്‍ ആറുപേര്‍ നേരത്തെ മരണപ്പെട്ടു. തന്റെ അര്‍ധസഹോദരിയുടെ സംരക്ഷണയിലിരിക്കെയാണ് രണ്ട് കുഞ്ഞുങ്ങള്‍ മരണപ്പെട്ടത്. ഉഗാണ്ടന്‍ തലസ്ഥാനായ കാമ്പലയില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരെയുള്ള ഒരു ഗ്രാമത്തിലാണ് മറിയം നബാതന്‍സിയും കുഞ്ഞുങ്ങളും താമസിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിനാല്‍ കുടുംബം പുലര്‍ത്താന്‍ തന്നാലാകാവുന്ന തൊഴിലുകളെല്ലാം പരീക്ഷിക്കുന്നു. തയ്യല്‍ക്കാരിയായും ഹെയര്‍സ്‌റ്റൈലിസ്റ്റായുമൊക്കെ ജോലി നോക്കുകയാണ് മറിയം.

മറിയത്തിനു മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍ അമ്മ ഉപേക്ഷിച്ചുപോയി. തുടര്‍ന്ന് വന്ന രണ്ടാനമ്മയില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. അച്ഛന്‍ സ്ഥലത്തില്ലാത്ത സമയത്ത് ഭക്ഷണത്തില്‍ കുപ്പിച്ചില്ല് കലര്‍ത്തി കഴിക്കാന്‍ നല്‍കി. 12 വയസ്സുള്ളപ്പോഴായിരുന്നു വിവാഹം. അത് വിവാഹമാണെന്ന് പറയാനാകില്ല, തന്നെ അച്ഛന്‍ വിവാഹ കമ്പോളത്തില്‍ വില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അഞ്ചാമത്തെ ഭാര്യയാണ് മറിയം. 13-ാം വയസ്സില്‍ നടന്ന ആദ്യ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ജനിച്ചു. പിന്നീട് തുടര്‍ച്ചയായ പ്രസവങ്ങള്‍. മൂത്തവര്‍ മൂവരും 25 വയസ്സുകാരായി. ഇളയ കുഞ്ഞിന് അഞ്ച് വയസ്സും. മൂതിര്‍ന്ന മക്കളിലൂടെ പേരമക്കളും ജനിച്ചു തുടങ്ങി. 44 കുഞ്ഞുങ്ങളുടേയും അച്ഛന്‍ മറിയത്തിന്റെ ആദ്യ ഭര്‍ത്താവുതന്നെയാണ്. അദ്ദേഹം ഇടയ്ക്ക് തന്നെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്ന് പറയുന്നു.

ഭര്‍ത്താവില്‍ നിന്ന് പലതരത്തിലുള്ള ഉപദ്രവങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. സഹിക്കാന്‍ വയ്യാതാകുമ്പോള്‍ രക്ഷതേടി അച്ഛന്റെയടുത്തേക്കു പോകും. എന്നാല്‍, വിവാഹവേളയില്‍ അച്ഛന്‍ തന്റെ പേരില്‍ മഹര്‍ ഇനത്തില്‍ കൈപ്പറ്റിയ തുക തിരികെ നല്‍കാന്‍ നിവൃത്തിയില്ലെന്നു പറഞ്ഞ് തിരികെ അയക്കുകയായിരുന്നു പതിവ്.

18-ാം വയസ്സില്‍ 18 കുട്ടികള്‍ ആയപ്പോള്‍ പ്രസവം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍, അസാധാരണമായ തോതില്‍ അണ്ഡോല്‍പാദനം നടക്കുന്ന താന്‍ പ്രസവിച്ചില്ലെങ്കില്‍ ട്യൂമറിന് ഇടയാക്കുമെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ തിരിച്ചയക്കുകയായിരുന്നുവെന്നും മറിയം ഒരു വ്ളോഗര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

മക്കള്‍ക്കെല്ലാവര്‍ക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കണമെന്നാണ് ആഗ്രഹം. പലപ്പോഴും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പണം ഉണ്ടാകാറില്ലെങ്കിലും കഴിവിന്റെ പരമാവധി ശ്രമിക്കുകയാണ്. മൂത്ത പെണ്‍കുട്ടികളില്‍ ഒരുവള്‍ പഠിച്ച് നഴ്സായി. എന്നാല്‍ തനിക്ക് ഒരു താങ്ങാകുന്നതിന് പകരം വിവാഹം ചെയ്ത് റഷ്യയിലേക്ക് പോവുകയാണുണ്ടായത്. ഒരു മകന്‍ മെക്കാനിക്കല്‍ എന്‍ജിനീയറായാണ്. താഴെയുള്ള മുതിര്‍ന്ന മക്കളും സര്‍വകലാശാലകളില്‍ പഠിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button