KeralaLatest NewsNewsIndia

ആളുകൾ മരിക്കുമ്പോൾ എന്തിന് ടോൾ കൊടുക്കണം? കുഴിയിൽ വീണ് അപകടം പെരുകുന്നുവെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹർജികൾ പരിഗണിച്ച് ഹൈക്കോടതി. റോഡിലെ കുഴിയിൽ വീണ് ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്ക പ്രകടമാക്കി ഹൈക്കോടതി. അപകടം പെരുകുന്നുവെന്നും റോഡിലെ അപകടങ്ങളിൽ ആശങ്ക തോന്നുന്നുവെന്നും ഹൈക്കോടതി അറിയിച്ചു. ആരാണ് ഇതിന് ഉത്തരവാദിയെന്ന് ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു. ആളുകൾ മരിക്കുമ്പോൾ എന്തിന് ടോൾ കൊടുക്കണമെന്നും കോടതി നിരീക്ഷിച്ചു. ദേശീയപാതയിൽ ഉണ്ടാകുന്നത് മനുഷ്യ നിർമ്മിതമായ ദുരന്തമാണെന്നും, ഇതിന് പിന്നിൽ ആരാണെന്നും ഹൈക്കോടതി ചോദിച്ചു.

എറണാകുളം, തൃശൂര്‍ ജില്ലാ കലക്ടര്‍മാര്‍ അടക്കം നല്‍കിയ റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. സംസ്ഥാനത്ത് തകര്‍ന്ന് കിടക്കുന്ന ദേശീയപാതകള്‍ അടക്കമുള്ള റോഡുകള്‍ അടിയന്തരമായി നന്നാക്കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മണ്ണൂത്തി-കറുകുറ്റി ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ ശരിയായ രീതിയില്‍ അല്ലായിരുന്നുവെന്നാണ് തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. പൊതുമരാമത്ത് വകുപ്പും, ദേശീയ പാത അതോറിറ്റിയും റോഡുകള്‍ നന്നാക്കുന്നതിന്റെ പുരോഗതി കോടതിയെ അറിയിക്കും.

നെടുമ്പാശേരിക്കടുത്ത് ഗട്ടറിൽ വീണ് ഹോട്ടൽ ജീവനക്കാരൻ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ദേശീയ പാതയിലെ കുഴികളടയ്ക്കാന്‍ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ ദിവസം കർശന നിർദേശം നൽകിയിരുന്നു. സംസ്ഥാനത്തെ കുഴികളടയ്ക്കുന്നത് പശവെച്ചാണോയെന്ന് നേരത്തെ കോടതി ചോദിച്ചിരുന്നു. രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ ഹാഷിം പിന്നാലെ വന്ന വാഹനമിടിച്ച് മരിച്ചത്. കൊടും വളവിലെ ഭീമൻ കുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് ഹാഷിം റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ദേശീയപാതയുടെ അറ്റകുറ്റപണികൾ കൃത്യമായി നടത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന അപകടമരണമാണ് ഹാഷിമിന്റേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button