Latest NewsKeralaNews

മുസ്ലിം ലീഗ് 2060ലാണ് ജീവിക്കുന്നത്, ഇത്രയധികം പുരോഗതിയും വിശാല ചിന്താഗതിയുമുള്ള സംഘടന ഏതാണ്?: പി.എം.എ സലാം

മലപ്പുറം: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ് ഇപ്പോൾ കേരളത്തിലെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്ന്. എം.കെ മുനീറിന്റെ വ്യത്യസ്ത പ്രസ്താവനയ്ക്ക് ശേഷം ജെൻഡർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മുതിര്‍ന്ന കുട്ടികളെ ക്ലാസ് മുറികളില്‍ ഒരുമിച്ചിരുത്തി കൊണ്ടു പോകാനുള്ള പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. പുതിയ നിര്‍ദേശങ്ങള്‍ ഫ്രീ സെക്‌സിലേക്ക് വഴിതെളിക്കുമെന്നും, ദുരവ്യാപകമായ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ലീഗ് ഇതിനെ എതിര്‍ക്കുന്നതെന്നും സലാം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

പി.എം.എ സലാമിന്റെ വാക്കുകൾ:

ജന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രത്തില്‍ പൊതുവേ മുസ്ലിം സംഘടനകള്‍ ഒറ്റകെട്ടായി തീരുമാനമെടുത്ത് നിങ്ങളോട് പറഞ്ഞതാണ്. അതില്‍ മതപരമായല്ല ഞങ്ങള്‍ പോകുന്നത്. വിഷയത്തിന്റെ ധാര്‍മ്മിക വശങ്ങളാണ് ഉയര്‍ത്തുന്നത്. മുതിര്‍ന്ന കുട്ടികളെ ഒരു ബെഞ്ചില്‍ ഇരുന്ന് പഠിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങള്‍, അതോടൊപ്പം ഉണ്ടാകുന്ന ദൂഷ്യങ്ങള്‍. ഇപ്പോള്‍ അങ്ങനെ അല്ലാത്തത് കൊണ്ട് വിദ്യാലയങ്ങളില്‍ എന്ത് കുഴപ്പം ഉണ്ടാകുന്നുവെന്ന് നമുക്ക് പറഞ്ഞ് തന്നുകൂടെ.

ലിബറലിസം വിദ്യാലയങ്ങളിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. പഠനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശ്രദ്ധ ചെലുത്താനുള്ള ഒരു സാഹചര്യത്തിലേക്ക് പോകണമെങ്കില്‍ അതിന് അനുസൃതമായ സാഹചര്യമുണ്ടാകണം. ആ കാര്യത്തില്‍ വാശിയില്ല എന്നൊക്കെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും കരിക്കുലം നെറ്റ്‌വര്‍ക്കിന്റെ നിര്‍ദേശങ്ങളില്‍ നിന്ന് അത് പിന്‍വലിക്കപ്പെട്ടിട്ടില്ല. അത്തരം കാര്യങ്ങളില്‍ ഒന്ന് കൂടി ശക്തമായി ഗവണ്‍മെന്റിനോട് ആവശ്യപ്പെടാന്‍ പാര്‍ട്ടി യോഗം തീരുമാനിച്ചിട്ടുണ്ട്.

ജന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ സമരത്തിലേക്കൊന്നും ഞങ്ങളുടെ ശ്രദ്ധ പോയിട്ടില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്താനുള്ള തീരുമാനമുള്ളത്. ജന്‍ഡര്‍ ന്യൂട്രല്‍ മതപരമായ വിഷയമല്ല. പക്ഷേ മതവുമായും ഇത് ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. മതവിശ്വാസികള്‍ക്കും ഇതില്‍ താത്പര്യമില്ല. എല്ലാ മതവിശ്വാസികളുടെയും താത്പര്യമാണ് ഞങ്ങള്‍ പറയുന്നത്. അതാണ് ഞാന്‍ പറഞ്ഞത് ധാര്‍മ്മികമാണെന്ന്. അരാജകത്വവും ലിബറലിസവും ഫ്രീ സെക്‌സും ഒക്കെയായി മുന്നോട്ട് പോകുമ്പോഴാണ് പ്രശ്‌നം.

ജന്‍ഡര്‍ ന്യട്രാലിറ്റി ഫ്രീ സെക്‌സിലേക്കൊക്കെ പോകും. ക്യാമ്പസുകളില്‍ എസ്.എഫ്.ഐയുടെ പോസ്റ്ററുകള്‍ എങ്ങനെയായിരുന്നു. അതൊക്കെ എവിടേക്കാണ് പോകുന്നത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗ പ്രതിരോധം തന്നെയാണ്. ഇത് അതിലേക്ക് ആളുകളെ കൊണ്ടു പോകാനുള്ള ശ്രമമാണ് എന്നത് വളരെ വ്യക്തമായ കാര്യമാണ്.

ജന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പിലാക്കിയാല്‍ കുട്ടികള്‍ക്ക് സ്വഭാവ ദൂഷ്യമുണ്ടാകും. ഹയര്‍ സെക്കണ്ടറിയില്‍ ഒക്കെ പഠിക്കുന്ന പതിനേഴും പതിനെട്ടും വയസുള്ള കുട്ടികള്‍ എല്ലാവരും കൂടെ ഒരുമിച്ച് ഇരിക്കുകയാണ്. എന്തിനാണ് അവരെ അതിന് നിര്‍ബന്ധിക്കുന്നത്. എന്തിനാണ് അങ്ങനെ ഒരു സാഹചര്യമുണ്ടാക്കുന്നത്. ഇപ്പോള്‍ അങ്ങനെ ഇരിക്കാത്തത് കൊണ്ട് എന്ത് പ്രയാസമാണ് വിദ്യാലയങ്ങളില്‍ ഉള്ളത്.

ഒരുമിച്ച് ഇരിക്കാനുള്ള സാഹചര്യമുണ്ടായാല്‍ കുട്ടികളുടെ ശ്രദ്ധ പഠനത്തില്‍ നിന്ന് മാറും. പുരുഷന്മാരുടെ വസ്ത്രം കൂടി ഇടണമെന്ന് എന്തിനാണ് സ്ത്രീകളെ നിര്‍ബന്ധിക്കുന്നത്. നിങ്ങള്‍ എന്തിനാണ് പുരുഷ മേധാവിത്വത്തിന് വേണ്ടി വാദിക്കുന്നത്. മുസ്ലിം ലീഗ് 2060ലാണ് ജീവിക്കുന്നത്. ഇത്രയധികം പുരോഗതിയും ഇത്രമാത്രം വിശാല ചിന്താഗതിയുമുള്ള സംഘടന ഏതാണ്. രക്ഷിതാക്കള്‍ക്കുള്ള ആശങ്കയാണ് ഞങ്ങള്‍ പങ്കുവെക്കുന്നത്. സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന വലിയ ആഘാതങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ലീഗ് ഇതിനെ എതിര്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button