തിരുവനന്തപുരം: മുസ്ലിം ഉന്മൂലനമാണോ സിപിഎം ലക്ഷ്യമിടുന്നതെന്ന യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. പേരുകൾ നോക്കി മതംതിരിച്ചു ലിസ്റ്റിട്ട് കള്ളം പ്രചരിപ്പിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവിന്‍റെ ഖദറിൽ തങ്ങളുടെ സഖാക്കളുടെ ഹൃദയം ചിന്തിയ ചോരയുണ്ടെന്ന് സനോജ് പറഞ്ഞു. കഴിഞ്ഞ ആറ് വർഷക്കാലയളവിനുള്ളിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകരുടെ വിവരങ്ങൾ പങ്കുവെച്ചാണ് സനോജ് മറുപടി നൽകിയിരിക്കുന്നത്.
‘2016 മുതൽ ഇതുവരെ സംസ്ഥാനത്ത് 23 സിപിഎം പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. അതിൽ 17 കൊലപാതകങ്ങൾ നടത്തിയത് ആർഎസ്എസാണ്. നാല് പേരെ കോൺഗ്രസ് കൊലപ്പെടുത്തിയപ്പോൾ പോപ്പുലർ ഫ്രണ്ടും മുസ്ലീം ലീഗും ഓരോ സിപിഎമ്മുകാരുടെ ജീവനെടുത്തു. കൊന്നവരുടെ പാർട്ടി മാറി വരുമ്പോഴും കൊല്ലപ്പെട്ടവരുടെ പാർട്ടി മാത്രം മാറിയില്ല’, സനോജ് ഫേസ്‌ബുക്കിൽ കുറിച്ചു.
വി.കെ സനോജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗം:
തനി വർഗ്ഗീയ വാദിയായ ഒരു യൂത്ത് കോൺഗ്രസ് നേതാവ്, കൊല്ലപ്പെട്ട 23 CPI(M) പ്രവർത്തകരുടെ ലിസ്റ്റിൽ അയാളുടെ പാർട്ടി തന്നെ കൊന്നവരുടെ ഉൾപ്പെടെ ചില മുസ്ലീം പേരുകൾ കണ്ടു പിടിച്ച് CPI(M) മുസ്ലീം നാമധാരികളെ ബലി കൊടുക്കുന്നു എന്ന ഉളുപ്പില്ലായ്മ പങ്ക് വെക്കുകയാണ്. എത്രമാത്രം നികൃഷ്ടവും മനുഷ്യത്വഹീനവുമാണ് അതെന്ന് മനസിലാകുന്ന ആരെങ്കിലും ആ പാർട്ടിയിൽ ഇന്ന് ബാക്കിയുണ്ടോ എന്നറിയില്ല. CPI(M) കാരെ ക്രൂരമായി കൊന്ന് തള്ളി അതെ കോൺഗ്രസുകാർ കൊല്ലപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി കൊല്ലപ്പെട്ടവരുടെ പാർട്ടിയെ അപമാനിക്കാൻ ശ്രമിക്കുന്നത് കണ്മുന്നിൽ കണ്ടിട്ടും ഇവിടുത്തെ മാധ്യമങ്ങൾക്ക് പോലും അതൊരു വിഷയമല്ല. ഈ കൊല്ലപ്പെട്ട 23 പേരിൽ 15 പേരും ഹിന്ദു പേരുകാരാണ്. അതിൽ ഭൂരിഭാഗം രക്തസാക്ഷികളുടെയും ജീവനെടുത്ത ആർ.എസ്.എസ്-കാർ സി.പി.ഐ. (എം) ഹിന്ദുക്കളെ ബലി കൊടുക്കുന്നു എന്ന് പറഞ്ഞു കുറച്ചു കാലം മുന്നേ ഡൽഹി കേന്ദ്രീകരിച്ചു ക്യാമ്പയിൻ ചെയ്യാൻ ശ്രമിച്ചിരുന്നു. അതിന്റെ മറ്റൊരു പതിപ്പാണ് ഒരു യൂത്ത് കോൺഗ്രസ്സ് മാലിന്യം ഇന്നലെ പ്രചരിപ്പിക്കാൻ ശ്രമിച്ചത്. ഒരേ നുകത്തിൽ കെട്ടിയ രണ്ട് രാഷ്ട്രീയ കക്ഷികളിൽ നിന്ന് ഒരേ കുബുദ്ധി മാത്രമേ പ്രതീക്ഷിക്കാനാവൂ.
ഇക്വിലാബ് സിന്ദാബാദ് എന്ന ഇന്ത്യൻ ദേശീയ – വിപ്ലവ പോരാട്ടത്തിന്റെ സമര ശബ്ദമായി തീർന്ന മുദ്രാവാക്യം രചിച്ച മൗലാന ഹസ്രത് മോഹാനിയിൽ തുടങ്ങി മുസഫർ അഹമ്മദിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ കാലം മുതൽ ഇങ്ങോട്ട് മുസ്ലീം മത വിഭാഗത്തിൽ ജനിച്ച ലക്ഷക്കണക്കിന് നേതാക്കളും പ്രവർത്തകരും കമ്യൂണിസ്റ്റ് പാർടിയുടെ ഭാഗമായിരുന്നു. സമീപ കാലത്ത് കേരളത്തിലടക്കം മുസ്ലീം ന്യൂനപക്ഷ വിഭാഗം ഏറ്റവും കൂടുതൽ അനുഭാവം പുലർത്തുന്ന പാർടിയാണ് CPI(M). അതിന് ഒരേയൊരു കാരണം വർഗീയതയുടെ രാഷ്ട്രീയത്തിനെതിരെഞങ്ങൾ ശക്തമായ നിലപാട് എടുക്കുന്നു എന്നത് തന്നെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം പ്രതിഫലിച്ചത് ആ നിലപാടിനുള്ള അംഗീകരമാണ്.
Post Your Comments