കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി എം.കെ മുനീര്‍. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും, മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് സര്‍ക്കാര്‍ നീക്കമെന്നും മുനീർ പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ് നടപ്പാക്കുന്നതെങ്കില്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് കേസെടുക്കുന്നതെന്തിനാണെന്നായിരുന്നു മുനീറിന്റെ വിചിത്ര ചോദ്യം.
‘ആണ്‍കുട്ടിയും മുതിര്‍ന്നയാളും ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാണ്? പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇട്ടു കഴിഞ്ഞാല്‍ നീതി ലഭിക്കുമോ? ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടും. വസ്ത്രധാരണ രീതി മാറിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോ? ജെൻഡർ ന്യൂട്രാലിറ്റിയല്ല ലിംഗ നീതിയാണ് ആവശ്യം. ഞാന്‍ ഇരുന്നും കിടന്നും ഇതിനെ എതിര്‍ക്കും’, മുനീർ പറഞ്ഞു.
മതമൂല്യങ്ങള്‍ തകര്‍ക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്നും മുനീര്‍ വാദിച്ചു. എല്ലാ മതങ്ങളെയും ബാധിക്കുന്ന വിഷയമാണിതെന്നും, തന്നെ ഇസ്ലാമിസ്റ്റ് എന്ന് ചാപ്പ കുത്തിയാലും പ്രശ്‌നമില്ലെന്നാണ് മുനീർ പറയുന്നത്. ജെൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തെ എതിര്‍ക്കുമെന്നും മുനീര്‍ പറഞ്ഞു. എത് സമരവും തകര്‍ക്കാന്‍ സമരക്കാരെ അര്‍ബന്‍ നെക്‌സലുകള്‍ എന്ന് മുദ്രകുത്തുകയും തീവ്രവാദികള്‍ എന്ന് വിളിക്കുകയും ചെയ്യുമെന്നും മുനീര്‍ ആരോപിച്ചു. ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണെന്ന് എം കെ മുനീര്‍ നേരത്തെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പമെന്ന മുനീറിന്റെ പ്രസ്താവനയും വിവാദമായിരുന്നു.
Post Your Comments