മഹാരാഷ്ട്ര: റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വർ തീരത്ത് മൂന്ന് എ.കെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും വെടിയുണ്ടകളുമടങ്ങിയ ഭീകരവാദ ബോട്ട് കണ്ടെത്തി. ഇതേത്തുടർന്ന്, സംസ്ഥാന പൊലീസ് ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശവാസികളാണ് ബോട്ട് കണ്ടെത്തിയത്. നിരവധി പാസ്പോർട്ടുകളും ബോട്ടിൽ നിന്ന് ലഭിച്ചു.
ഹരിഹരേശ്വർ ബീച്ചിന് സമീപം ബോട്ടിൽ നിന്ന് എ.കെ 47 കണ്ടെത്തിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും റായ്ഗഡ് എസ്.പി അശോക് ധൂധേ സ്ഥിരീകരിച്ചു. മുംബൈയിൽ നിന്ന് 200 കിലോമീറ്ററും പൂനെയിൽ നിന്ന് 170 കിലോമീറ്ററും അകലെയാണ് ബോട്ട് കണ്ടെത്തിയ സ്ഥലം. കണ്ടെത്തിയത് ഒമാനിൽ രജിസ്റ്റർ ചെയ്ത, ഓസ്‌ട്രേലിയൻ നിർമ്മിത ബോട്ടാണെന്നാണ് ലഭ്യമായ വിവരം.
ഹരിഹരേശ്വർ ബീച്ചിന് സമീപത്തേക്ക് കടക്കുന്നതിനെ കുറിച്ച് ബോട്ടിലുണ്ടായിരുന്ന ആളുകൾ കോസ്റ്റ് ഗാർഡുകളെ അറിയിച്ചിരുന്നില്ലെന്നും വിഷയം കൈകാര്യം ചെയ്യാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡിനോട് ആവശ്യപ്പെട്ടതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ ഭീകരവാദത്തിനുള്ള സാധ്യതകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് എ.ടി.എസ് മേധാവി വിനീത് അഗർവാൾ വ്യക്തമാക്കി.
Post Your Comments