KeralaLatest News

സജീവിന്റെ മൃതദേഹം ശരീരമാസകലം കുത്തേറ്റ നിലയിൽ പുതപ്പിൽ പൊതിഞ്ഞ് വരിഞ്ഞുകെട്ടി ഫ്ലാറ്റിന്റെ 16 ആം നിലയിൽ: അർഷാദ് ഒളിവിൽ

കൊച്ചി: ഇടച്ചിറയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണ (23) ആണ് കൊല്ലപ്പെട്ടത്. കാക്കനാട് ഇൻഫോ പാർക്കിനു സമീപമുള്ള ഒക്സോണിയ ഫ്ലാറ്റിലെ 16-ാം നിലയിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുണിയിൽ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. യുവാവിൻ്റെ തലയിലും ദേഹത്തും മുറിവുകളുണ്ട്.

സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദാണ് കൊലപാതകം ചെയ്തത് എന്നാണ് പൊലീസിന്റെ സംശയം. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇയാൾക്കായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. രണ്ടുദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചുപേരാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് യുവാവിൻ്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇടച്ചിറയിലെ ഒക്സോണിയ ഫ്ലാറ്റിൻ്റെ 16-ാം നിലയിലെ 16ബിയിൽ സജീവ് ഉൾപ്പെടെ അഞ്ചു സുഹൃത്തുക്കൾ ഒരുമിച്ചായിരുന്നു താമസം. ഒപ്പമുണ്ടായിരുന്ന ചിലർ വീട്ടിലേക്കു പോയിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തോളമായി സജീവിനൊപ്പം അർഷാദ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അർഷാദിനെ കാണാതായതോടെ ഇയാളാണോ കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. സജീവ് കൃഷ്ണയുടെ ഫോണും ഇയാൾ കൈക്കലാക്കിയതായാണ് വിവരം.

മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു ശ്രമമെന്നാണ് പ്രാഥമിക നിഗമനം. ഇതിനു കഴിയാതെ വന്നതോടെ ഫ്ലാറ്റ് പൂട്ടി പോകുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. സജീവ് കൃഷ്ണയുടെ ബന്ധുക്കൾ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണിൽ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ ഫോണിൽ കിട്ടിയില്ല. ഇതേ തുടർന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

കോട്ടയം സ്വദേശി ജിജി ഈപ്പൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്. ഇൻഫോപാർക്കിന് സമീപത്താണ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. അതേസമയം ഫ്ലാറ്റിൽ താമസിച്ചിരുന്നവർ സ്ഥിരം പ്രശ്നക്കാരായിരുന്നുവെന്ന് അയൽവാസികൾ പറയുന്നുണ്ട്. 16ബിയിൽ ഉണ്ടായിരുന്നവരോട് ഫ്ലാറ്റൊഴിയാൻ പല തവണ ആവശ്യപ്പെട്ടിരുന്നുവെന്ന് അയൽവാസിയായ ജലീൽ മാധ്യമങ്ങളോടു പറഞ്ഞു. ഫ്ലാറ്റിൽ താമസിച്ച യുവാക്കൾ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. പല തവണ മുന്നറിയിപ്പ് നൽകി.

രണ്ടാഴ്ച മുമ്പ് ഫ്ലാറ്റൊഴിയാൻ ഉടമസ്ഥൻ പറഞ്ഞിരുന്നു. മരിച്ച സജീവ് കൃഷ്ണയുമായി പരിചയമുണ്ട്. വളരെ പാവം പയ്യനാണ്. കൂടെ ഉണ്ടായിരുന്ന അർഷാദ് ആണ് കൊല നടത്തിയതെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഇരുവരെയും കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button